കുവൈത്ത് സമുദ്രാതിർത്തിയിൽ കടൽക്കൊള്ളയും സായുധ കവർച്ചയും നടത്തിയ മൂന്ന് ഇറാൻ പൗരന്മാരെ കോസ്റ്റ് ഗാർഡ് പിടികൂടി. മീൻപിടുത്ത ബോട്ടുകളടക്കം ആക്രമിച്ച് കവർച്ച നടത്തിയതായി പ്രതികൾ സമ്മതിച്ചു. ഇവരെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്രാതിർത്തിക്കുള്ളിൽ കടൽക്കൊള്ളയിലും സായുധ കവർച്ചയിലും ഏർപ്പെട്ട മൂന്ന് ഇറാൻ പൗരന്മാരെ കുവൈത്ത് കോസ്റ്റ് ഗാർഡ് പിടികൂടി. കുവൈത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങളും സമുദ്ര സുരക്ഷയും സംരക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശക്തമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റ്.
കുവൈത്ത് സമുദ്രാതിർത്തിയിലേക്ക് സംശയാസ്പദമായ രീതിയിൽ ഒരു സ്പീഡ് ബോട്ട് അടുക്കുന്നത് കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണ സംവിധാനങ്ങൾ കണ്ടെത്തിയതോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. കോസ്റ്റ് ഗാർഡ് ബോട്ടിനെ തടയാൻ ശ്രമിച്ചപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അതിവേഗത്തിലുള്ള നീക്കത്തിലൂടെ കോസ്റ്റ് ഗാർഡ് സംഘം ഇവരെ വളയുകയും കീഴടക്കുകയും ചെയ്തു. പ്രതികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് കസ്റ്റഡിയിലെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇവർ കുറ്റസമ്മതം നടത്തി.
പിടിയിലായവർ പ്രദേശത്തെ മീൻപിടുത്ത ബോട്ടുകളെയും മറ്റ് കപ്പലുകളെയും ലക്ഷ്യമിട്ട് നിരവധി തവണ സായുധ ആക്രമണങ്ങളും കവർച്ചകളും നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. കുവൈറ്റി മീൻപിടുത്ത ബോട്ടുകളെ ആക്രമിച്ച് സാധനങ്ങളും ഉപകരണങ്ങളും തട്ടിയെടുത്ത കേസുകളിലും ഇവർക്ക് പങ്കുണ്ട്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്തിന്റെ പരമാധികാരത്തെയോ കടൽയാത്രക്കാരുടെ സുരക്ഷയെയോ ബാധിക്കുന്ന ഒന്നിനോടും സന്ധിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അതിർത്തികളിൽ കോസ്റ്റ് ഗാർഡ് 24 മണിക്കൂറും അതീവ ജാഗ്രത തുടരുകയാണ്.


