
അബുദാബി: ജൂലൈ ഒന്നു മുതല്‍ അബുദാബിയില്‍ ടൂറിസം സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്‍ട്ര ടൂറിസ്റ്റുകളെ ജൂലൈ ആദ്യം മുതല്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അബുദാബി അധികൃതരെ ഉദ്ധരിച്ച് അറബിക് ദിനപ്പത്രം എമിറാത്ത് അല്‍ യൌം റിപ്പോര്‍ട്ട് ചെയ്‍തു. ജൂലൈ ആദ്യം മുതല്‍ ക്വാറന്റീനിലും ഇളവ് അനുവദിക്കാനാവുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ പങ്കുവെച്ചത്.
അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ചാണ് ടൂറിസം രംഗത്തെ പുതിയ നീക്കങ്ങളെക്കുറിച്ച് സൂചന നല്‍കിയത്. ഈ വര്‍ഷം മേയ് മൂന്നിന് പ്രാബല്യത്തില്‍ വന്ന നിയമപ്രകാരം, കൊവിഡ് രോഗബാധ കുറഞ്ഞ ഗ്രീന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ രാജ്യത്ത് പ്രവേശിച്ചയുടനെയും പിന്നീട് ആറാം ദിവസവും കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് ചെയ്‍താല്‍ മതിയാവും. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരാണെങ്കില്‍ വിമാനത്താവളത്തില്‍ വെച്ചും പിന്നീട് നാലാം ദിവസവും പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാകണം. അഞ്ച് ദിവസമാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് 28 ദിവസത്തെ കാലായളവ് പൂര്‍ത്തിയാക്കിയ യുഎഇ സ്വദേശികള്‍ക്കും അബുദാബി വിസയുള്ള പ്രവാസികള്‍ക്കുമാണ് ഈ നിബന്ധന ബാധകം. വാക്സിനെടുത്ത വിവരം അല്‍ ഹുസ്‍ന്‍ ആപ് വഴി പരിശോധിക്കും.
ഗ്രീന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന വാക്സിനെടുക്കാത്തവര്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെയും പിന്നീട് ആറാം ദിവസവും പന്ത്രണ്ടാം ദിവസവും കൊവിഡ് പിസിആര്‍ പരിശോധന നടത്തണം. എന്നാല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 10 ദിവസമാണ് ക്വാറന്റീന്‍. രാജ്യത്ത് എത്തിയ ഉടനെയും എട്ടാം ദിവസവും പിസിആര്‍ പരിശോധയ്‍ക്ക് വിധേയമാവുകയും വേണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam