ഒമാനിൽ ഈ വർഷത്തെ ചെറിയ പെരുന്നാളിന് അഞ്ച് ദിവസത്തെ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത. റമദാൻ 29 മുതൽ അവധി ആരംഭിച്ചേക്കാമെങ്കിലും, അന്തിമ സ്ഥിരീകരണം മാസപ്പിറവി നിരീക്ഷണത്തിന് ശേഷമായിരിക്കും.
മസ്കറ്റ്: ഈ വർഷത്തെ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന ഒമാൻ നിവാസികൾക്ക് സന്തോഷവാർത്ത. രാജ്യത്ത് ഇത്തവണ അഞ്ച് ദിവസത്തെ നീണ്ട പൊതുഅവധി ലഭിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒമാനിൽ റമദാൻ ആരംഭിച്ചത് ഫെബ്രുവരി 19-നായിരുന്നു. ഇതനുസരിച്ച് റമദാൻ 29 ആയ മാർച്ച് 19 വ്യാഴാഴ്ചയാണ് മാസപ്പിറവി നിരീക്ഷിക്കുക. ഒമാനിലെ നിയമമനുസരിച്ച് റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയാണ് പെരുന്നാൾ അവധി.
ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം മാർച്ച് 20 വെള്ളിയാഴ്ചയാണ് ഒമാനിൽ പെരുന്നാൾ വരാൻ സാധ്യത. അങ്ങനെയാണെങ്കിൽ അവധി ആരംഭിക്കുന്നത് മാർച്ച് 19 വ്യാഴാഴ്ച (റമദാൻ 29) ആണ്. പെരുന്നാൾ ദിനം മാർച്ച് 20 വെള്ളിയാഴ്ച (ഷവ്വാൽ 1)യാണ്. പെരുന്നാളിന്റെ ആദ്യ ദിനം വെള്ളിയാഴ്ചയോ ശനിയാഴ്ചയോ വരികയാണെങ്കിൽ ഒമാനിലെ നിയമപ്രകാരം ഒരു ദിവസം അധിക അവധി ലഭിക്കും. മാർച്ച് 23 തിങ്കളാഴ്ചയാണ് അവധി അവസാനിക്കുക. ഇതനുസരിച്ച് വ്യാഴം മുതൽ തിങ്കൾ വരെ തുടർച്ചയായ 5 ദിവസത്തെ അവധി ഒമാൻ നിവാസികൾക്ക് ലഭിച്ചേക്കാം. എന്നാൽ മാസപ്പിറവി കണ്ടതിനുശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. ഒമാനിൽ റമസാൻ 29ന് മാസപ്പിറവി നിരീക്ഷിക്കുകയും ഔഖാഫ് മതകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുകയാണ് പതിവ്.
അതേസമയം യുഎഇയിൽ മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയാണ് സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിൽ വ്യാഴം മുതൽ ശനി വരെയാണ് നിലവിൽ പ്രഖ്യാപിച്ച അവധി. റമദാൻ 30 തികയുകയാണെങ്കിൽ സ്വകാര്യ മേഖലയിലെ അവധിയും ഞായറാഴ്ച വരെ നീളും.


