ഇ-സ്കൂട്ടർ ലംഘനങ്ങൾക്കെതിരെ കടുത്ത നടപടിയുമായി അബുദാബി പൊലീസ്; 10 മാസത്തിനിടെ 9,230-ലധികം വാഹനങ്ങൾ പിടിച്ചെടുത്തു

Published : Oct 19, 2026, 11:28 AM IST
e scooter

Synopsis

ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് അബുദാബി പൊലീസ് 9,237 ഇലക്ട്രിക് സ്കൂട്ടറുകൾ പിടിച്ചെടുത്തു. ഹെൽമറ്റ് ധരിക്കാതിരിക്കുക, അനുമതിയില്ലാത്ത പാതകളിൽ ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് നടപടി. വിലക്കുള്ള സ്ഥലങ്ങളിൽ ഇ-സ്കൂട്ടർ ഓടിച്ചാൽ 500 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിച്ച് സർവീസ് നടത്തിയ 9,237 ഇലക്ട്രിക് സ്കൂട്ടറുകൾ അബുദാബി പൊലീസ് പിടിച്ചെടുത്തു. 2026-ലെ ആദ്യ 10 മാസത്തിനിടയിലാണ് ഇത്രയും വാഹനങ്ങൾ പിടിച്ചെടുത്തത്. പൊതുറോഡുകളിലൂടെയുള്ള യാത്ര, വാഹനങ്ങൾക്കിടയിലൂടെയുള്ള അപകടകരമായ ഡ്രൈവിംഗ്, അനുമതിയില്ലാത്ത പാതകളിലൂടെയുള്ള സർവീസ് എന്നിവ തടയുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.

ഇ-സ്കൂട്ടർ ഉപയോഗത്തിലെ നിയമലംഘനങ്ങൾ റൈഡർമാരുടെയും മറ്റ് യാത്രക്കാരുടെയും ജീവന് ഒരുപോലെ ഭീഷണിയാണെന്ന് അബുദാബി പൊലീസ് ചൂണ്ടിക്കാട്ടി. ശ്രദ്ധയില്ലാതെയും ഗതാഗത നിയമങ്ങൾ പാലിക്കാതെയും വാഹനം ഓടിക്കുന്നത്, ഹെൽമറ്റ് ധരിക്കാതിരിക്കുന്നത്, മറ്റ് സുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കാതിരിക്കുന്നത് എന്നിങ്ങനെ റൈഡർമാർക്കിടയിലെ ഏറ്റവും അപകടകരമായ പ്രവണതകളും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങൾ ഗുരുതരമായ പരിക്കുകൾക്കും ജീവഹാനിക്കും കാരണമാകുന്ന വാഹനാപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. നിർദ്ദിഷ്ട പാതകളിൽ മാത്രം ഇ-സ്കൂട്ടറുകൾ ഓടിക്കണമെന്നും ഹെൽമറ്റും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.

അബുദാബിയിൽ പ്രത്യേക അനുമതിയുള്ള മേഖലകളിൽ ഒഴികെ ഇ-സ്കൂട്ടറുകളും മറ്റ് ലാസ്റ്റ്-മൈൽ വാഹനങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. വിലക്കുള്ള സ്ഥലങ്ങളിൽ ഇ-സ്കൂട്ടർ ഓടിച്ചാൽ 500 ദിർഹം പിഴ ഈടാക്കും. കാൽനടയാത്രക്കാർക്കുള്ള പാതകളിലും ജോങ്ങിംഗ് ട്രാക്കുകളിലും ഓടിക്കുന്നത്, ബോർഡുകളോ അടയാളങ്ങളോ വഴി പ്രത്യേകം അനുമതിയില്ലാത്ത നടപ്പാതകളിലൂടെ യാത്ര ചെയ്യുന്നത്, ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെയും അബുദാബി പൊലീസിന്റെയും അനുമതിയുള്ള വിഭാഗങ്ങൾക്കൊഴികെ, മണിക്കൂറിൽ 60 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയുള്ള സെക്കൻഡറി, ടെർഷ്യറി റോഡുകളിൽ പ്രവേശിക്കുന്നത്, സൈക്കിളുകൾക്കോ ഇ-സ്കൂട്ടറുകൾക്കോ പ്രത്യേക ട്രാക്കുകളില്ലാത്ത പാലങ്ങളിലും തുരങ്കങ്ങളിലും ഓടിക്കുന്നത്, താൽക്കാലിക പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ, ഉപയോഗം നിരോധിച്ച് സ്ഥിരമോ താൽക്കാലികമോ ആയ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്നത് എന്നിവ നിയമലംഘനമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ആഭരണ പ്രദർശനത്തിനിടെ വൻ കവർച്ച; 7,000 ദിനാറിന്റെ ആഭരണങ്ങൾ മോഷ്ടിച്ചു; യുവതി അറസ്റ്റിൽ
കുവൈത്തിൽ ചട്ടങ്ങൾ ലംഘിച്ച മൂന്ന് ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങൾക്കെതിരെ നടപടി; നാല് കമ്പനികൾക്ക് മുന്നറിയിപ്പ്