യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; നൂറ് കിലോയിലേറെ ഹാഷിഷും ലഹരിമരുന്നുമായി പ്രവാസികള്‍ പിടിയില്‍

By Web TeamFirst Published Dec 9, 2022, 2:03 PM IST
Highlights

'സീക്രട്ട് ഹൈഡിങ്‌സ്' എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് വന്‍ ലഹരിമരുന്ന് കടത്ത് തടഞ്ഞത്. വിവിധ സ്ഥലങ്ങളിലായാണ് പ്രതികള്‍ ലഹരിമരുന്ന് ഒളിപ്പിച്ചത്.

അബുദാബി: അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 107 കിലോഗ്രാം ഹാഷിഷും ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈനുമാണ് അബുദാബി പൊലീസ് പിടിച്ചെടുത്തത്. ലഹരിമരുന്ന് കൈവശം വെച്ച ആറുപേരെ അറസ്റ്റ് ചെയ്തതായി അബുദാബി പൊലീസിലെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ താഹിര്‍ ഗാരിബ് അല്‍ ദാഹിരി പറഞ്ഞു. അറബ്, ഏഷ്യന്‍ വംശജരാണ് പിടിയിലായത്.

'സീക്രട്ട് ഹൈഡിങ്‌സ്' എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് വന്‍ ലഹരിമരുന്ന് കടത്ത് തടഞ്ഞത്. വിവിധ സ്ഥലങ്ങളിലായാണ് പ്രതികള്‍ ലഹരിമരുന്ന് ഒളിപ്പിച്ചത്. ലഹരിമരുന്ന് ഒളിപ്പിക്കുന്നതിനിടെയാണ് പ്രതികളെ കയ്യോടെ പിടികൂടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ലഹരിമരുന്ന് വേട്ടയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ 150 മില്യണ്‍ ദിര്‍ഹം (40 മില്യണ്‍ ഡോളര്‍) വിപണി മൂല്യമുള്ള 1.5 ടണ്‍ ഹെറോയിനും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം 1.2 ബില്യണ്‍ ദിര്‍ഹം വിപണി വിലയുള്ള ലഹരിമരുന്നും അബുദാബി പൊലീസ് പിടികൂടിയിരുന്നു.

Read More -  യുഎഇ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ നിയമലംഘനം; പിടിച്ചെടുത്തത് 132 വാഹനങ്ങള്‍ 

അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയിലും വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തിയിരുന്നു. 24 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. ലഹരിമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങളാണ് സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി തകര്‍ത്തത്. 

Read More -  യുഎഇയിലെ സ്വദേശിവത്കരണം; സമയപരിധി 31ന് അവസാനിക്കും, ജനുവരി ഒന്ന് മുതല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന

വാതിലുകള്‍ കൊണ്ടുവന്ന ഷിപ്പ്‌മെന്റിനുള്ളില്‍ ഒളിപ്പിച്ച 12 ലക്ഷം ലഹരി ഗുളികകളാണ് ആദ്യത്തെ ശ്രമത്തില്‍ പിടിച്ചെടുത്തത്. സിമന്റ് ബാഗുകളില്‍ ഒളിപ്പിച്ച 12 ലക്ഷം ലഹരി ഗുളികകള്‍ കൂടി പിന്നീട് അധികൃതര്‍ പിടിച്ചെടുത്തു. ലഹരി കടത്ത് പരാജയപ്പെടുത്തിയ ശേഷം സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്‍ട്രോളുമായി സഹകരിച്ച് ആറുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

click me!