
അബുദാബി: അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. 2020ല്‍ കൊണ്ടുവന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയ പ്രകാരമാണ് നിരോധനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ക്രമേണ കുറയ്ക്കാനും പുനരുപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതിയെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി (ഇഎഡി) അറിയിച്ചു.
പ്ലാസ്റ്റിക് കപ്പ് അടക്കം 16 ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതി ഏജന്‍സി ആലോചിക്കുന്നുണ്ട്. 2024ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന സ്റ്റിറോഫോം പ്ലേറ്റുകളും കണ്ടെയ്‌നറുകളും നിരോധിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
മലിനീകരണം കുറച്ച് ആരോഗ്യകരമായ പരിസ്ഥിതിയും സുസ്ഥിര ജീവിതരീതിയും പ്രോത്സാഹിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുമാണ് ഈ സമഗ്ര നയമെന്ന് പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കി. പുതിയ തീരുമാനം സംബന്ധിച്ച് എമിറേറ്റിലുടനീളം ബോധവത്കരണ ക്യാമ്പയിന്‍ നടത്തും. 90ലേറെ രാജ്യങ്ങളിലാണ് നിലവില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗ നിരോധനമുള്ളത്.
ദുബൈ: ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അധികൃതര്‍ പുതിയ ഫീസ് കാര്‍ഡ് പുറത്തിറക്കി. ഒരു വര്‍ഷത്തെ പഠനത്തിനായി സ്‍കൂളുകള്‍ക്ക് നല്‍കേണ്ടി വരുന്ന എല്ലാ ഫീസുകളുടെയും വിശദാംശങ്ങള്‍ വിവരിച്ചിട്ടുള്ളവയാണ് ഈ കാര്‍ഡുകള്‍.
ആധികാരികവും വ്യക്തവുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റിയാണ് ഫീസ് കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ട്യൂഷന്‍ ഫീസിന് പുറമെ ഒരു വര്‍ഷം കുട്ടിക്കായി രക്ഷിതാക്കള്‍ നല്‍കേണ്ട ട്രാന്‍സ്‍പോര്‍ട്ടേഷന്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ ട്രിപ്പുകള്‍, പുസ്‍തകങ്ങള്‍ തുടങ്ങിയവയ്‍ക്കായി വേണ്ടി വരുന്ന തുകകളും ഫീസ് കാര്‍ഡില്‍ വിവരിച്ചിട്ടുണ്ട്. ഓരോ സ്‍കൂളുകളും നല്‍കുന്ന ഫീസ് ഇളവുകളും മറ്റ് സ്‍കോളര്‍ഷിപ്പുകളും സംബന്ധിച്ച വിവരങ്ങളുമുണ്ടാകും.
ഫലത്തില്‍ ദുബൈയിലെ സ്വകാര്യ സ്‍കൂളുകളിലെ എല്ലാ ഫീസ് വിവരങ്ങളും അറിയാനുള്ള ആധികാരിക രേഖയായി രക്ഷിതാക്കള്‍ക്ക് ഈ ഫീസ് കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. ആദ്യ ഘട്ടമായി ദുബൈയിലെ 35 സ്‍കൂളിലെ 81,000 വിദ്യാര്‍ത്ഥികള്‍ക്കായാണ് ഫീസ് കാര്‍ഡുകള്‍ തയ്യാറാക്കിയത്. ഏപ്രിലില്‍ അക്കാദമിക വര്‍ഷം ആരംഭിക്കുന്ന സ്‍കൂള്‍ക്കായാണ് ഇപ്പോള്‍ ഫീസ് കാര്‍ഡുകള്‍ നല്‍കുക. സെപ്‍റ്റംബറില്‍ അക്കാദമിക വര്‍ഷം ആരംഭിക്കുന്ന സ്‍കൂളുകളില്‍ ഇപ്പോഴത്തെ ക്ലാസുകള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത വര്‍ഷത്തേക്കുള്ള ഫീസ് കാര്‍ഡുകള്‍ തയ്യാറാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ