സൗദിയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ഘാന സ്വദേശിയും മരിച്ചു

Published : Jun 18, 2021, 11:17 PM IST
സൗദിയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ഘാന സ്വദേശിയും മരിച്ചു

Synopsis

​തോളിൽ കടുത്ത വേദന അനുഭവിച്ചിരുന്നതിനാൽ രണ്ട്​ മൂന്ന് മാസം കഴിഞ്ഞ് എക്‍സിറ്റിൽ നാട്ടിൽ പോകാൻ ഉദ്ദേശിച്ചിരുന്നതാണ്​. ചികിത്സക്ക്​ കുറഞ്ഞത് ആറു മാസമെങ്കിലും ആവശ്യമുണ്ടെന്നും അത്രയും അവധി കമ്പനിയിൽ നിന്ന്​ ലഭിക്കാത്തത് കൊണ്ടാണ് താൻ എക്സിറ്റിൽ പോകുന്നതെന്നും സനൽ സുഹൃത്തുക്കളോട്​ പറഞ്ഞിരുന്നു.

റിയാദ്: സൗദിയിലെ പ്രമുഖ കമ്പനിയിലെ രണ്ട് ജോലിക്കാർ തമ്മിലുള്ള വാക്കുതർക്കത്തിനിടെ മലയാളി സെയിൽസ്‍മാൻ സനൽ കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഘാന സ്വദേശിയും മരിച്ചു. കഴുത്തറക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഘാന സ്വദേശിയെ സംഭവസ്ഥലത്ത് എത്തിയ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്നു ഇയാള്‍. സംഭവം നടന്ന ബുധനാഴ്ച രാത്രിയോടെ തന്നെ ഘാന സ്വദേശിയും മരിച്ചു.

പാൽവിതരണ വാനിലെ സെയിൽസ്‍മാനായിരുന്ന കൊല്ലം, മൈലക്കാട്​, ഇത്തിക്കര സ്വദേശി സീതാ മന്ദിരത്തിൽ പരേതനായ സദാനന്ദന്റേയും സീതമ്മയുടേയും മകൻ സനൽ (35) ആണ്​ കുത്തേറ്റ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്‍സയിൽ ജബൽ ഷോബക്കടുത്ത് ബുധനാഴ്‍ച ഉച്ചയോടെയായിരുന്നു സംഭവം. പൊതുവെ പരുക്കൻ പ്രകൃതക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്ന്​ സനലിന്റെ സുഹൃത്തുക്കൾ പറയുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇയാളെ ഒപ്പം ജോലിക്ക്​ കൂട്ടാൻ സനൽ നിർബന്ധിതനാവുകയായിരുന്നു. ഷോബയിലെ ഒരു ബഖാലയിൽ എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരൻ പറഞ്ഞു. ഈ തർക്കം മുർച്‍ഛിച്ചാകാം കൊലപാതകത്തിൽ കലാശിച്ചത്​. ജോലിക്കിടയിൽ വഴിയരികിലാണ്​ സംഭവം നടന്നത്. ഘാന സ്വദേശിയുടെ കുത്തേറ്റാണ് സനൽ മരിച്ചതെന്നാണ് നിഗമനം.

10​ വർഷമായി സനൽ അൽഅഹ്‍സയിലുണ്ട്​. അച്‍ഛൻ നഷ്‍ടപ്പെട്ട ശേഷം സനലായിരുന്നു അമ്മക്കും ഏക സഹോദരിക്കും ആശ്രയം. സനൽ അവിവാഹിതനാണ്​. ഒന്നര വർഷം മുമ്പ്​ വിവാഹത്തിനായി നാട്ടിലേക്ക് പോയെങ്കിലും ജാതക പ്രശ്‍നങ്ങളാൽ കല്യാണം നടക്കാതെ തിരികെ മടങ്ങുകയായിരുന്നു. ​തോളിൽ കടുത്ത വേദന അനുഭവിച്ചിരുന്നതിനാൽ രണ്ട്​ മൂന്ന് മാസം കഴിഞ്ഞ് എക്‍സിറ്റിൽ നാട്ടിൽ പോകാൻ ഉദ്ദേശിച്ചിരുന്നതാണ്​. ചികിത്സക്ക്​ കുറഞ്ഞത് ആറു മാസമെങ്കിലും ആവശ്യമുണ്ടെന്നും അത്രയും അവധി കമ്പനിയിൽ നിന്ന്​ ലഭിക്കാത്തത് കൊണ്ടാണ് താൻ എക്സിറ്റിൽ പോകുന്നതെന്നും സനൽ സുഹൃത്തുക്കളോട്​ പറഞ്ഞിരുന്നു. നാട്ടിലെത്തി വിവാഹം കഴിക്കണമെന്ന സ്വപ്‍നവും സനൽ ഇടക്കിടക്ക് സുഹൃത്തുക്കളുമായി പങ്കുവെക്കുമായിരുന്നു. നാട്ടിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സനൽ സജീവമായി ഇടപെട്ടിരുന്നു. നാട്ടുകൂട്ടത്തിന്റെ വാട്‍സ്‍ആപ് കൂട്ടായ്‍മയിലും സജീവമായിരുന്നു. മാസങ്ങൾക്ക് മുമ്പ് വൃക്കരോഗിയായ തിരുവന്തപുരം സ്വദേശിയുടെ ചികിത്സക്ക്​ 3,000 റിയാൽ സനൽ ഒറ്റക്ക് പിരിച്ചു നൽകിയതായും സുഹൃത്തുക്കൾ ഓർമിക്കുന്നു. 

(ചിത്രം: സനല്‍)

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നഗരം ഉത്സവ ലഹരിയിലേക്ക്, 'മസ്കറ്റ് നൈറ്റ്സ് 2026' ജനുവരി ഒന്ന് മുതൽ
തണുത്തുവിറച്ച് ഒമാൻ, രാജ്യത്ത് അതിശൈത്യം, താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി