സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രകാശ് രാജ്

By Web TeamFirst Published Nov 5, 2018, 12:45 AM IST
Highlights

പ്രളയ ദുരിതത്തില്‍പെട്ട കേരളത്തിന് അര്‍ഹതപ്പെട്ട സഹായം നിഷേധിച്ച കേന്ദ്രം നികുതി ദായകരുടെ പണം കൊണ്ട് 3000 കോടി രൂപയുടെ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.  

ഷാര്‍ജ: സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ തെറ്റായ വഴിയിലൂടെയാണ് നയിക്കുന്നതെന്നും പ്രകാശ് രാജ് ഷാര്‍ജയില്‍  പറഞ്ഞു. 

പ്രളയ ദുരിതത്തില്‍പെട്ട കേരളത്തിന് അര്‍ഹതപ്പെട്ട സഹായം നിഷേധിച്ച കേന്ദ്രം നികുതി ദായകരുടെ പണം കൊണ്ട് 3000 കോടി രൂപയുടെ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.  ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയാണിതെന്നും പ്രകാശ് രാജ് ഷാർജയിൽ പറഞ്ഞു. മോദിയെപ്പോലെ ഭീരുവായിരിക്കാൻ സാധിക്കില്ല. പ്രധാനമന്ത്രിയോട് വെറുപ്പില്ലെന്നുമാത്രമല്ല, അത്തരം വെറുപ്പുകൾക്കുപോലും അദ്ദേഹം അർഹനല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സ്ത്രീകള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്ന ഒരു ദൈവത്തെയും ദൈവമായി കാണാൻ കഴിയില്ലെന്ന് ശബരിമല  വിധിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ മരണമാണ് തന്നെ ഉണർത്തിയത്. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കാൻ വൈകിയെന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളത്തിലേക്ക് തർജമ ചെയ്ത 'നമ്മെ വിഴുങ്ങുന്ന മൗനം' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനുശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

click me!