Latest Videos

ലുലുവിൽ വീണ്ടും 7,500 കോടി രൂപ നിക്ഷേപിക്കാൻ അബുദാബി സർക്കാർ

By Web TeamFirst Published Oct 19, 2020, 6:53 PM IST
Highlights

കരാറിൽ അബുദാബി കമ്പനി  ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഹസ്സൻ അൽ സുവൈദിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും തമ്മിൽ ഒപ്പ് വെച്ചു. ഈജിപ്തിലെ വിവിധ നഗരങ്ങളിൽ 30 ഹൈപ്പർമാർക്കറ്റുകൾ, 100 മിനി മാർക്കറ്റുകൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ലോജിസ്റ്റിക്സ് സെന്റര്‍, ഇ-കോമേഴ്സ് വിപുലീകരണം എന്നിവയ്ക്കുവേണ്ടിയാണ്  പുതിയ നിക്ഷേപം ഉപയോഗിക്കുക.

അബുദാബി: അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ളതും, രാജകുടുംബാംഗമായ ശൈഖ്  താനുൺ ബിൻ സായിദ്  അൽ നഹ്യാൻ ചെയർമാനുമായ അബുദാബി കമ്പനി (A.D.Q) വീണ്ടും  ലുലു ഗ്രൂപ്പിൽ മുതൽ മുടക്കുന്നു.  മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ വിപണിയായ (Middle East & North Africa Region – MENA) ഈജിപ്തിലെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനായി 7,500 കോടി രൂപയാണ് (100 കോടി ഡോളർ) ലുലുവിന്റെ ഈജിപ്ത് കമ്പനിയിൽ അബുദാബി സർക്കാർ നിക്ഷേപിക്കുന്നത്.  

 ഇതു സംബന്ധിച്ച കരാറിൽ അബുദാബി കമ്പനി  ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ഹസ്സൻ അൽ സുവൈദിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും തമ്മിൽ ഒപ്പ് വെച്ചു. ഈജിപ്തിലെ വിവിധ നഗരങ്ങളിൽ 30 ഹൈപ്പർമാർക്കറ്റുകൾ, 100 മിനി മാർക്കറ്റുകൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ലോജിസ്റ്റിക്സ് സെന്റര്‍, ഇ-കോമേഴ്സ് വിപുലീകരണം എന്നിവയ്ക്കുവേണ്ടിയാണ്  പുതിയ നിക്ഷേപം ഉപയോഗിക്കുക.   മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പുതിയ മാർക്കറ്റുകൾ പ്രവർത്തന സജ്ജമാകുന്നതോടു കൂടി മലയാളികളുൾപ്പെടെ  12,000ലധികം ആളുകൾക്ക് ഈജിപ്തിൽ തൊഴിൽ ലഭ്യമാകും.
"

 ഇത് രണ്ടാമത് തവണയാണ് എം.എ.യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പിൽ  അബുദാബി സർക്കാർ വീണ്ടും മൂലധന നിക്ഷേപമിറക്കുന്നത്.  കഴിഞ്ഞ മാസം 8,200 കോടി രൂപ (US$ 1.1 Billion) ഇന്ത്യയും ഖത്തറും  ഒഴികെയുള്ള രാജ്യങ്ങളിലെ പ്രവർത്തനത്തിനായി അബുദാബി സർക്കാർ മുതൽ മുടക്കിയിരുന്നു. 

ലുലു ഗ്രൂപ്പിനോടുള്ള വിശ്വാസമാണ് തുടർച്ചയായ നിക്ഷേപം സൂചിപ്പിക്കുന്നതെന്നും ഇതിന്  അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ്  അൽ നഹ്യാനോടും മറ്റ് രാജകുടുംബാംഗങ്ങളോടും നന്ദി പറയുന്നുവെന്നും  എം.എ. യൂസഫലി പറഞ്ഞു.  കൂടുതൽ രാജ്യങ്ങളിലേക്ക് ലുലുവിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതോടൊപ്പം കേരളമടക്കമുള്ള ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഹൈപ്പർമാർക്കറ്റുകളും മിനി മാർക്കറ്റുകളും ആരംഭിക്കുമെന്നും  യൂസഫലി കൂട്ടിച്ചേർത്തു. 
"

ലുലുവിന്റെ ഈജി‍പ്തിലെ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് കഴിഞ്ഞ മാസം തലസ്ഥാനമായ കെയ്റോക്കടുത്തുള്ള ഹെലിയോപ്പോളീസിൽ പ്രവർത്തനമാരംഭിച്ചിരുന്നു.

click me!