എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല

Published : Dec 17, 2025, 11:09 AM IST
injured malayali passenger

Synopsis

ജോലിസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ മലയാളി യാത്രക്കാരന് എയര്‍ ഇന്ത്യ സ്റ്റ്രെച്ചർ അനുവദിക്കാത്തത് വിവാദമാകുന്നു. ഇദ്ദേഹത്തെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ കഴിയാതെ വന്നതോടെയാണ് സംഭവം പുറത്തവന്നത്.

റിയാദ്: പ്രവാസികളോടുള്ള എയർ ഇന്ത്യയുടെ അനാസ്ഥ വീണ്ടും വിവാദമാകുന്നു. കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ കഴിയാതെ വന്നതോടെയാണ് സംഭവം പുറത്തവന്നത്. റിയാദിൽ നിർമാണ മേഖലയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവൻ തുളസി (56)യാണ് എയർ ഇന്ത്യയുടെ അനാസ്ഥയ്ക്ക് ഇരയായത്.

കഴിഞ്ഞ 25 വർഷത്തിലേറെയായി കരാർ അടിസ്ഥാനത്തിൽ നിർമാണ ജോലികൾ ചെയ്തുവരുന്ന ഇദ്ദേഹം, ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. ലിഫ്റ്റിനായി നിർമിച്ചിരുന്ന കുഴിയിലേക്കാണ് അദ്ദേഹം പതിച്ചത്. ഉടൻ തന്നെ സുമേഷിയിലെ കിങ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുകളുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ ചികിത്സയ്ക്ക് ആവശ്യമായ ഇൻഷുറൻസ് കവറേജ് ഇല്ലാത്തതിനാൽ, ഭീമമായ തുക മുൻകൂർ അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടർചികിത്സയ്ക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി സ്റ്റ്രെച്ചർ ടിക്കറ്റിനായി കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയർ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവിൽ ചെറിയ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും, മുമ്പ് സമർപ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതർ അറിയിച്ചു.

അതേസമയം, മറ്റ് വിമാനകമ്പനികൾ 30,000 മുതൽ 35,000 റിയാൽ വരെ സ്റ്റ്രെച്ചർ ടിക്കറ്റിനായി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവർ അറിയിച്ചു. റിയാദിൽ ചികിത്സ തുടരുന്നതിനും സമാനമായ തുക തന്നെ ചെലവാകുമെന്ന സാഹചര്യത്തിൽ, ചികിത്സ ഇവിടെ തന്നെ തുടരാൻ രാഘവൻ തുളസിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. മുൻകാലങ്ങളിൽ, ഡോക്ടറുടെയോ പ്രത്യേക മെഡിക്കൽ ഉപകരണങ്ങളുടെയോ ആവശ്യമില്ലാത്ത സ്റ്റ്രെച്ചർ യാത്രക്കാർക്ക് എയർ ഇന്ത്യ 12,000 റിയാൽ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

70 വർഷത്തെ സൗഹൃദബന്ധം ശക്തമാകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം, പ്രധാന കരാറുകൾക്ക് സാധ്യത
ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്