കണ്ണൂരില്‍ മൂന്നാം ദിവസവും വിമാനങ്ങള്‍ വൈകി; ദുരിതംപേറി യാത്രക്കാര്‍

By Web TeamFirst Published Aug 20, 2019, 6:54 PM IST
Highlights

വിമാനങ്ങളുടെ സമയക്രമം മാറ്റുന്നുണ്ടെങ്കിലും ഇക്കാര്യം യാത്രക്കാരെ അറിയിക്കാത്തതിനാല്‍ യാത്രക്കാരും ഇവരെ സ്വീകരിക്കാനും യാത്രയയക്കാനും എത്തുന്നവരും മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. 

കണ്ണൂര്‍: തുടര്‍ച്ചയായ മൂന്നാം ദിവസവും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വീസുകള്‍ വൈകി. രാവിലെ മുതല്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്ക് ഭക്ഷണം പോലും ലഭ്യമാക്കിയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. എന്നാല്‍ സാങ്കേതിക തകരാറുകള്‍ കൊണ്ടാണ് ശനിയാഴ്ച രണ്ട് സര്‍വീസുകള്‍ വൈകിയതെന്നും അതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളിലും വിമാനങ്ങള്‍ വൈകുകയായിരുന്നുവെന്നുമാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് അധികൃതര്‍ വിശദീകരിച്ചത്.

ഷാര്‍ജ, മസ്‍കത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ബഹ്റൈന്‍, റിയാദ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരില്‍ എത്തിച്ചേരേണ്ടിയിരുന്ന വിമാനങ്ങളുമാണ് വൈകിയത്. വിമാനങ്ങളുടെ സമയക്രമം മാറ്റുന്നുണ്ടെങ്കിലും ഇക്കാര്യം യാത്രക്കാരെ അറിയിക്കാത്തതിനാല്‍ യാത്രക്കാരും ഇവരെ സ്വീകരിക്കാനും യാത്രയയക്കാനും എത്തുന്നവരും മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. കണ്ണൂര്‍ - ഷാര്‍ജ വിമാനം രാവിലെ 9.30ന് പുറപ്പെടേണ്ടതായിരുന്നെങ്കിലും ഒന്‍പത് മണിക്കൂര്‍ വൈകി 6.30നാണ് കഴിഞ്ഞ ദിവസം പുറപ്പെട്ടത്. ഇത്രയും നേരം യാത്രക്കാര്‍ ഭക്ഷണം പോലുമില്ലാതെ വിമാനത്താവളത്തില്‍ കാത്തിരുന്നു. ബഹളം വെച്ചതോടെ വൈകുന്നേരമാണ് ഭക്ഷണമെത്തിച്ചത്.

രാവിലെ 7.10ന് എത്തേണ്ടിയിരുന്ന റിയാദ് - കൊച്ചി വിമാനം ഉച്ചയ്ക്ക് 12.10നും രാത്രി 8.10ന് എത്തേണ്ടിയിരുന്ന ബഹ്റൈന്‍-കൊച്ചി വിമാനം രണ്ട് മണിക്കൂര്‍ വൈകിയുമാണെത്തിയത്. തിരികെ ബഹ്റൈനിലേക്കുള്ള സര്‍വീസ് വൈകുന്നേരം 6.45ന് പുറപ്പെടേണ്ടിയിരുന്നത് ഇന്നലെ രാത്രി 10.50നാണ് പുറപ്പെട്ടത്.

click me!