
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കേരളത്തിലെ മറ്റിടങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് കൂടുതല്‍ ആശ്വാസ നടപടികളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കൊച്ചിയിലെ വിമാനസര്‍വ്വീസുകള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് നേരത്തെ തന്നെ എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിപ്പ് നല്‍കിയിരുന്നു. സര്‍വ്വീസുകളെ സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കോള്‍ സെന്ററുകളില്‍ വിളിച്ചിട്ട് കിട്ടാത്തവര്‍ക്ക് കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.
വിമാന സര്‍വ്വീസുകള്‍, ടിക്കറ്റുകളിലെ മാറ്റം എന്നിങ്ങനെ യാത്രയുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങള്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കോള്‍ സെന്റര്‍ നമ്പറുകളായ 044- 40013001, 044- 24301930 എന്നിവയിലേക്ക് വിളിക്കാം. 9087300200 എന്ന നമ്പറില്‍ ഹെല്‍പ് ഡെസ്കിലേക്കും വിളിക്കാം. എന്നാല്‍ വിളിച്ചിട്ട് കിട്ടാത്തവര്‍ക്ക് ഫേസ്ബുക്ക് പേജില്‍ പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യാം. യാത്രാ തീയ്യതി, വിഷയം, ഇന്ത്യയിലെ ഫോണ്‍ നമ്പര്‍ എന്നിവയാണ് കമന്റ് ചെയ്യേണ്ടത്. ഇവരെ കോള്‍ സെന്ററില്‍ നിന്ന് തിരികെ വിളിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 26 വരെയുള്ള തീയ്യതികളില്‍ കൊച്ചിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് തിരുവനന്തപുരത്ത് നിന്നോ കോഴിക്കോട് നിന്നോ അതേ സ്ഥലത്തേക്ക് യാത്ര ചെയ്യാം. ഇതിന് അധിക ചാര്‍ജ്ജ് ഈടാക്കില്ല. കൊച്ചിയില്‍ നിന്നും ഗള്‍ഫിലേക്കും തിരിച്ചും നടത്തിയിരുന്ന സര്‍വ്വീസുകള്‍ ഒന്നുപോലും റദ്ദാക്കിയിട്ടില്ലെന്നും എല്ലാം കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും മാറ്റി പുനഃക്രമീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ ഏത് വിമാനത്താവളങ്ങളില്‍ നിന്നും (തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി) ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും 26 വരെ ബുക്ക് ചെയ്തിട്ടുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ മുഴുവന്‍ തുകയും തിരികെ കിട്ടും. അല്ലെങ്കില്‍ യാത്ര മറ്റൊരു തീയ്യതിയിലേക്ക് മാറ്റുകയും ചെയ്യാം. ഇതിനും അധികപണം ഈടാക്കില്ല. ഇതിനായി കമ്പനിയുടെ കോള്‍ സെന്ററുമായോ അല്ലെങ്കില്‍ ട്രാവല്‍ ഏജന്റുമാരുമായോ ബന്ധപ്പെടാം. ഇന്ത്യയിലോ വിദേശത്തോ ഉള്ള എയര്‍ ഇന്ത്യയുടെ ഏതെങ്കിലും സിറ്റി ഓഫീസിലെത്തി നേരിട്ടും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam