യുഎഇയിൽ തുടരുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് ദുബൈയിൽ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഇന്ന് വിദൂര ജോലി അനുവദിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.
ദുബൈ: യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് ഇന്ന് (ഡിസംബർ 19) വെള്ളിയാഴ്ച ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് വിദൂര ജോലി അനുവദിച്ചു. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
നേരിട്ട് ജോലിസ്ഥലത്ത് ഹാജരാകേണ്ട അത്യാവശ്യ ജീവനക്കാർ ഒഴികെ ദുബൈ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും ഈ തീരുമാനം ബാധകമാണ്. മോശം കാലാവസ്ഥാ സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്നെ സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലാ ജീവനക്കാർക്കും വിദൂരജോലിക്ക് അനുമതി നൽകാൻ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു. ജോലിയുടെ സ്വഭാവം അനുസരിച്ച് സാധ്യമായ ഇടങ്ങളിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സമാനമായ വർക്ക് ഫ്രം ഹോം രീതികൾ അവലംബിക്കാം.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെത്തുടർന്ന് അധികൃതർ നേരത്തെ തന്നെ സുരക്ഷാ മുൻകരുതലുകളും മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജീവനക്കാരുടെ സുരക്ഷ മുൻനിർത്തിയുള്ള പുതിയ തീരുമാനം.
അതേസമയം യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴയിലും കാറ്റിലും ആലിപ്പഴ വര്‍ഷത്തിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകൾ സംഭവിച്ചു. മുന്‍കരുതലിന്‍റെ ഭാഗമായി ദുബൈയിലെ എല്ലാ പാര്‍ക്കുകളും ബീച്ചുകളും രണ്ട് ദിവസത്തേക്ക് അടച്ചു. ദുബായിലെയും ഷാർജയിലെയും സഫാരി പാർക്കുകളും അടച്ചു.


