
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്ക് തിങ്കളാഴ്ച രാവിലെ പുറപ്പെടേണ്ട വിമാനം മണിക്കൂറുകളോളം വൈകുന്നു. നേരിട്ട് ടിക്കറ്റെടുത്ത യാത്രക്കാരെ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ ഇരുത്തിയ ശേഷം മംഗലാപുരം വഴി കൊണ്ടുപോകുമെന്നാണ് ഏറ്റവും ഒടുവില്‍ നല്‍കിയിരിക്കുന്ന വിവരം. വിമാനക്കമ്പനി അധികൃതരുടെ നിരുത്തരവാദിത്തപരമായ സമീപനത്തിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.
രാവിലെ 7.25ന് തിരുവനന്തപുരത്ത് നിന്ന് നേരിട്ട് മസ്കത്തിലേക്ക് പുറുപ്പെടേണ്ടിയിരുന്ന ഐ.എക്സ് 549 വിമാനത്തിലെ യാത്രക്കാരാണ് ഇതുവരെ പുറുപ്പെടാനാവാതെ വിമാനത്താവളത്തില്‍ കാത്തിരിക്കുന്നത്. വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് പുലര്‍ച്ചെ തന്നെ യാത്രക്കാര്‍ എത്തിയെങ്കിലും വിമാനം വൈകുമെന്ന് അറിയിച്ച് ആരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ടെര്‍മിനലിലേക്ക് പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. ഇതോടെ യാത്രക്കാര്‍ ബഹളം വെച്ചു. തങ്ങളെ പുറത്തു നിര്‍ത്താതെ അകത്ത് കയറ്റി ഇരുത്തുകയെങ്കിലും വേണമെന്ന ആവശ്യം അംഗീകരിച്ച് ഒടുവില്‍ യാത്രക്കാരെ അകത്ത് കയറ്റി. മൂന്നര മണിക്കൂര്‍ വൈകി 11 മണിക്ക് വിമാനം പുറപ്പെടുമെന്ന് പിന്നീട് അറിയിച്ചു. മറ്റ് അറിയിപ്പുകളൊന്നും ലഭിച്ചില്ല.
ഒന്‍പത് മണിയോടെ ചെക്ക് ഇന്‍ തുടങ്ങി. എന്നാല്‍ രണ്ട് ബോര്‍ഡിങ് പാസ്‍ നല്‍കിയപ്പോള്‍ യാത്രക്കാര്‍ കാരണം അന്വേഷിച്ചപ്പോഴാണ് മംഗലാപുരം വഴിയാണ് യാത്രയെന്നും കണക്ഷന്‍ ഫ്ലൈറ്റാണെന്നും പറയുന്നത്. ഇതോടെ യാത്രക്കാര്‍ ബഹളം വെച്ചെങ്കിലും അധികൃതര്‍ ഗൗനിച്ചില്ല. മംഗലാപുരത്ത് നിന്ന് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയ ശേഷം ഈ വിമാനത്തിന്റെ സമയത്തിന് അനുസരിച്ച് തിരുവനന്തപുരത്തു നിന്നുള്ള വിമാനം ബോധപൂര്‍വം വൈകിപ്പിക്കുന്നതാണെന്ന് യാത്രക്കാര്‍ ആരോപിച്ചു.
വിമാനം വൈകുമെന്ന കാര്യത്തില്‍ മുന്‍കൂട്ടി അറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ലെന്നും യാത്രക്കാരുടെ അസൗകര്യങ്ങള്‍ക്ക് ഒരു പരിഗണനയും എയര്‍ ഇന്ത്യ നല്‍കുന്നില്ലെന്നും യാത്രക്കാരില്‍ ഒരാള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇന്ന് ജോലിക്ക് കയറേണ്ടവരും, മസ്‍കത്തില്‍ നിന്ന് സലാലയിലേക്കും അബുദാബിയിലേക്കും കണക്ഷന്‍ ഫ്ലൈറ്റുകളില്‍ പോകേണ്ടിയിരുന്നവരും ഉള്‍പ്പെടെ നിരവധിപ്പേര്‍ യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. വൈകുന്നേരം 4.40ന് മസ്കത്തില്‍ എത്തുമെന്നാണ് ഏറ്റവും ഒടുവില്‍ നല്‍കിയിരിക്കുന്ന വിവരം. മറ്റ് വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ