
ദമാം: പ്രവാസികള്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിരക്ക് വർദ്ധന പിൻവലിച്ച് എയർ ഇന്ത്യ. ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള വന്ദേഭാരത് മിഷൻ വിമാന സർവീസുകൾക്ക് ഈടാക്കിയ അമിത നിരക്കിലാണിപ്പോൾ പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന് എയർ ഇന്ത്യ കുറവ് വരുത്തിയത്.
കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതെ സൗദിയിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ വിമാന നിരക്ക് പതിന്മടങ്ങു വർദ്ധിപ്പിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞദിവസം ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് പോയ യാത്രക്കാരിൽ നിന്ന് എയർ ഇന്ത്യ ഇക്കോണമി ക്ലാസ് ടിക്കറ്റിന് ഈടാക്കിയത് ഏകദേശം 34,000 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 1703 റിയാലാണ്.
ഇന്ന് കോഴിക്കോട്ടേക്കും ജൂൺ 18നു തിരുവനന്തപുരത്തേക്കുമുള്ള വിമാന സർവീസിനും സമാന നിലയ്ക്കായിരുന്നു എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഈ നിരക്കാണിപ്പോൾ പ്രതിഷേധത്തെ തുടർന്ന് ഏകദേശം 16,800 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 850 സൗദി റിയാലായി കുറച്ചത്. ഇതിനോടകം കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ടിക്കറ്റ് എടുത്തവർക്കു കുറവ് വരുത്തിയ തുകയുടെ ബാക്കി തിരിച്ചു നൽകുമെന്ന് എയർ ഇന്ത്യ ഓഫീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam