വിമാന ടിക്കറ്റ് നിരക്ക് പകുതിയിലേറെ കുറഞ്ഞിട്ടും യുഎഇയില്‍ നിന്നുള്ള വിമാനങ്ങളില്‍ യാത്രക്കാര്‍ കുറവ്

By Web TeamFirst Published Oct 10, 2020, 11:56 AM IST
Highlights

ടിക്കറ്റ് നിരക്ക് കുറയുമ്പോഴും വിമാനങ്ങളിലെ തിരക്കും കുറയുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കൊവിഡ് സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് പലരും ഇപ്പോള്‍ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ്. 

ദുബൈ: ദുബൈയില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നേരത്തെയുണ്ടായിരുന്നതിന്റെ പകുതിയില്‍ താഴെയായി. നിലവില്‍ മുംബൈ, ബംഗളുരു, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് ദുബൈയില്‍ നിന്ന് 300 മുതല്‍ 500 ദിര്‍ഹം വരെ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. നേരത്തെ വന്ദേ ഭാരത് വിമാനങ്ങള്‍ യാത്ര തുടങ്ങിയ സമയത്ത് 1300 മുതല്‍ 1500 ദിര്‍ഹം വരെയായിരുന്നു നിരക്ക്.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസുകള്‍ കൂടിയതോടെയാണ് ടിക്കറ്റ് നിരക്കില്‍ വലിയ കുറവ് വന്നത്. 270 ഓളം സര്‍വീസുകളാണ് ഈ മാസം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ളത്. മിക്ക സംസ്ഥാനങ്ങളും മടങ്ങിയെത്തുന്ന യാത്രക്കാര്‍ക്കുള്ള നിബന്ധനകളിലും കാര്യമായ ഇളവ് അനുവദിച്ചിട്ടുമുണ്ട്. ടിക്കറ്റ് നിരക്ക് കുറയുമ്പോഴും വിമാനങ്ങളിലെ തിരക്കും കുറയുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കൊവിഡ് സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് പലരും ഇപ്പോള്‍ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുകയാണ്. 

അതേസമയം ആറ് മാസത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യക്കാര്‍ തൊഴില്‍ തേടി യുഎഇയിലെത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയും യുഎഇയും യാത്രാ നിബന്ധനകളില്‍ വരുത്തിയ ഇളവുകള്‍ ഇതിന് സഹായകമായി. ദുബൈക്ക് പുറമെ മറ്റ് എമിറേറ്റുകളും യാത്രക്കാരെ സ്വാഗതം ചെയ്യുന്ന നിലപാടിലേക്കാണ് നീങ്ങുന്നത്. പ്രവാസികള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ മടങ്ങിവരാമെന്ന് റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

click me!