
റിയാദ്: സേവനങ്ങളില്‍ വീഴ്ച വരുത്തിയതിന് വിമാന കമ്പനികൾ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. 650 ലക്ഷം റിയാൽ ഈയിനത്തിൽ നഷ്ടപരിഹാരമായി നല്‍കാനാണ് വിവിധ വിമാനകമ്പനികളോട് അതോരിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനകമ്പനികളെ കുറിച്ച് പരാതിയുള്ളവര്‍ മുഴുസമയവും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററില്‍ അറിയിക്കണമെന്നും അതോറിറ്റി അറിയിച്ചു.
വ്യോമ ഗതാഗത കരാറിലെ വ്യവസ്ഥകളില്‍ വിഴ്ചവരുത്തിയതിനാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിമാന കമ്പനികളോട് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മികവുറ്റതാക്കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ വെച്ചാണ് അതോറിറ്റി സേവന വീഴ്ചകൾ പരിശോധിക്കുകയും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനികളോട് ആവശ്യപ്പെടുന്നതും.
ലഗേജുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുക, ലഗേജുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുക, വിമാനം റദ്ദാക്കുക, വിമാന സർവീസിൽ കാലതാമസം നേരിടുക തുടങ്ങിയ എന്നീ വീഴ്ചകൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഈ വീഴ്ചകൾ പരിശോധിച്ചാണ് 650 ലക്ഷം റിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരമായി വിവിധ കമ്പനികൾ നൽകാനുണ്ടെന്ന് കണക്ക് കൂട്ടിയിരിക്കുന്നത്.
സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനകമ്പനികളും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി പുനഃപരിശോധിക്കാവുന്നതാണെന്നും അതോറിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ