
ദുബൈ: വെടിനിർത്തൽ പ്രഖ്യാപനം നടത്തിയെങ്കിലും ചില വിമാന സർവീസുകൾ റദ്ദാക്കുമെന്നും വഴി തിരിച്ചുവിടുമെന്നും പ്രഖ്യാപിച്ച് യുഎഇയിലെയും മറ്റ് രാജ്യങ്ങളിലെയും വിമാനക്കമ്പനികൾ. വിമാന സർവീസുകളുടെ തത്സമയ വിവരങ്ങൾ നിരീക്ഷിക്കണമെന്നും യാത്രക്കാരോട് വിമാനക്കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിലെ യുഎസ് സൈനിക താവളങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന് ഇന്നലെ നിരവധി വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവയ്ക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്.
ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് ദോഹ, കുവൈത്ത്, മസ്കറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇത്തിഹാദ് എയർവേയ്‌സ് തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. കൂടാതെ ഇന്ന് അബുദാബിയിൽ നിന്ന് കുവൈത്തിലേക്കുള്ള EY651 വിമാനവും കുവൈത്തിൽ നിന്ന് അബുദാബിയിലേക്കുള്ള EY652 വിമാനവും റദ്ദാക്കി. അബുദാബി-ദോഹ, അബുദാബി-ദമ്മാം സർവീസും റദ്ദാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും യാത്രക്കാർ വിമാനസർവീസുകളുടെ തത്സമയ അപ്ഡേറ്റുകൾ നിരീക്ഷിക്കണമെന്നും ഇത്തിഹാദ് എയർവേസ് അധികൃതർ അറിയിച്ചു.
എന്നാൽ ഇന്ന് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്ത പ്രകാരം സർവീസ് നടത്തുമെന്ന് എമിറേറ്റ്സ് എയർലൈനും ഫ്ലൈദുബൈ വിമാനക്കമ്പനിയും അറിയിച്ചു. ചില വിമാനങ്ങൾക്ക് കാലതാമസം നേരിട്ടേക്കാമെന്നാൽപ്പോലും സർവീസുകൾ വഴി തിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് അറിയിച്ചു. ചില വിമാന സർവീസുകൾക്ക് തടസ്സം നേരിട്ടേക്കാമെന്നും പുതിയ അപ്‌ഡേറ്റുകൾക്കായി യാത്രക്കാരോട് അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് ഓൺലൈനിൽ പരിശോധിക്കാനും എയർ അറേബ്യ അറിയിച്ചു. ഖത്തർ വ്യോമപാതകൾ തുറന്നതോടെ വിമാന സർവീസുകൾ പുനസ്ഥാപിച്ചതായും ചിലപ്പോൾ വിമാന സർവീസുകൾക്ക് കാലതാമസം നെരിടുമെന്നും ഖത്തർ എയർവേസ് അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി എയർ ഇന്ത്യ എക്സ്പ്രസും പ്രഖ്യാപിച്ചിരുന്നു.
മേഖലയിലെ സംഘർഷാവസ്ഥ വ്യോമഗതാഗതത്തെ ബാധിച്ചിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും വിമാനക്കമ്പനികൾ സർവീസുകൾ പുന:രാരംഭിക്കുന്നതിൽ കാലതാമസമെടുക്കുന്നതോടെ നിരവധി യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ