യുഎഇയിലെ ഫുഡ് എടിഎം സ്ഥാപക ആയിഷ ഖാനെ ആദരിച്ച് അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ചിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം

By Web TeamFirst Published Aug 15, 2022, 9:43 PM IST
Highlights

രാജ്യത്തുടനീളമുള്ള ബ്ലു കോളര്‍ ജോലിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെയും സഹകരണത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നതായി പരിപാടി.

ഫുഡ് എടിഎം സ്ഥാപകയായ ആയിഷ ഖാനെ അനുമോദിച്ചുകൊണ്ടാണ് യുഎഇയിലെ മുന്‍നിര മണി എക്സ്ചേഞ്ച് സ്ഥാപനമായ അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ച് ഇന്ന് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ഒപ്പം രാജ്യത്തെ താഴ്‍ന്ന വരുമാനക്കാരായ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി പിന്തുണ അറിയിക്കുകയും ചെയ്‍തു.

തൊഴിലാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ നിലവാരമുള്ള ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2019 മാര്‍ച്ചില്‍ ഫുഡ് എടിഎം എന്ന സംരംഭം തുടങ്ങിയതോടെയാണ് പ്രവാസി ഇന്ത്യക്കാരിയായ ആയിഷ ഖാന്‍ യുഎഇയിലെ ബ്ലു കോളര്‍ ജോലിക്കാര്‍ക്കിടയില്‍ സുപരിചിതയായി മാറിയത്. മൂന്ന് ദിര്‍ഹത്തിന് ഫുഡ് എടിഎമ്മില്‍ നിന്ന് ലഭിക്കുന്ന ഒരു കിറ്റില്‍ ഒരു ബോക്സ് ബിരിയാണിക്കൊപ്പം, ഒരു കപ്പ് തൈര്, അച്ചാര്‍ എന്നിവയും ചെറിയൊരു കപ്പ് ഡിസ്സേര്‍ട്ടുമുണ്ടാവും. ഇത്തരമൊരു പദ്ധതിയിലൂടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും സൗത്ത് - ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും യുഎഇയിലെത്തി, കുറഞ്ഞ വരുമാനത്തോടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം വലിയ സാമ്പത്തിക നഷ്ടമില്ലാതെ ലഭിക്കാന്‍ തുടങ്ങി. ഇത് കൂടുതല്‍ പണം സൂക്ഷിച്ചു വെച്ച് നാട്ടിലേക്ക് അയക്കാന്‍ അവരെ പ്രാപ്‍തരാക്കുകയും ചെയ്‍തു.

അജ്‍മാനില്‍ ആരംഭിച്ച്, തുടക്കം മുതല്‍ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഫുഡ് എടിഎം ഇന്നത്തെ അവസ്ഥയിലെത്തിയത്. ഇന്ന് ദുബൈ, ഷാര്‍ജ, അജ്‍മാന്‍ എന്നിവിടങ്ങിലുള്ള 2600 ബ്ലൂ കോളര്‍ ജോലിക്കാര്‍ക്കാണ് ഇവര്‍ ഭക്ഷണമെത്തിക്കുന്നത്. ഇപ്പോള്‍ രാജ്യത്തെ നിരവധി സംഘടനകള്‍ ഇവരുടെ പരിശ്രമങ്ങളില്‍ പങ്കാളികളായും സാധനങ്ങള്‍ എത്തിച്ചും ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് വര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കിയും പദ്ധതിക്ക് സഹായവുമായി രംഗത്തുണ്ട്. ഇതിലൂടെ ഇത്തരമൊരു പദ്ധതിയുടെ സാധ്യതയും പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണ്.

"ബ്ലൂ കോളര്‍ തൊഴിലാളികളുടെ ജീവിതത്തിലെ ഒരു സ്ഥിരം സാന്നിദ്ധ്യമെന്ന നിലയില്‍, ഫുഡ് എടിഎം എന്ന ഉദ്യമത്തിന്റെ പ്രാധാന്യം ഞങ്ങള്‍ മനസിലാക്കുകയും അതിനെ പിന്തുണയ്‍ക്കുകയും ചെയ്യുന്നു. യുഎഇയിലെ ബ്ലൂ കോളര്‍ ജീവനക്കാരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ലക്ഷ്യത്തോടും ഞങ്ങളുടെ നിരവധി സി.എസ്.ആര്‍ പദ്ധതികളോടും ഒത്തുചേരുന്നതാണ് ഇതെന്ന് ആയിഷ ഖാനുമായുള്ള ഞങ്ങളുടെ ആശയവിനിമയത്തില്‍ നിന്ന് ബോധ്യപ്പെട്ടു" - അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ച് ഡെപ്യൂട്ടി സിഇഒ ഹസന്‍ ജാബിര്‍ പറഞ്ഞു.

33 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയില്‍ ജോലി ചെയ്യുന്നതെന്നതിനാല്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹമെന്നത് വളരെ വലുതാണ്. ഇവരില്‍ 65 ശതമാനത്തോളം പേരും, തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു പങ്കും അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ച് പോലുള്ള മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലൂടെ നാട്ടിലേക്ക് അയക്കുന്ന താഴ്‍ന്ന വരുമാനക്കാരായ ബ്ലൂ കോളര്‍ തൊഴിലാളികളാണ്. 2018 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ യുഎഇയില്‍ നിന്ന് 18.5 ബില്യന്‍ ഡോളറാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇത് ഇന്ത്യയിലേക്ക് വിദേശത്തു നിന്നെത്തുന്ന ആകെ തുകയായ 79 ബില്യന്‍ ഡോളറിന്റെ 20 ശതമാനത്തോളം വരുമെന്ന് ലോകബാങ്കിന്റെയും ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെയും കണക്കുകള്‍ വ്യക്തമാക്കുന്നു.

"യുഎഇയില്‍ നിന്നുള്ള പണമയക്കലുകളില്‍ വലിയ പങ്കുവഹിക്കുന്ന പ്രധാനപ്പെട്ടൊരു സ്ഥാപനമാണ് അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ച്. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, ഫെഡറല്‍ ബാങ്ക് എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാങ്കുകളുമായി 40 വര്‍ഷത്തിലേറെയായി തുടരുന്ന പങ്കാളിത്തത്തിലൂടെ പെട്ടെന്ന് തന്നെ പണം നാട്ടിലെത്തിക്കാനും തൊഴിലാളികള്‍ക്ക് അവരുടെ കുടുംബങ്ങളെ സഹായിക്കാനും സാധിക്കുന്നുവെന്ന് ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ സജീവമായ പങ്കാളിത്തമാണ് അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ച് വഹിക്കുന്നത്. 3000 ദിര്‍ഹത്തില്‍ താഴെ ശമ്പളമുള്ള തൊഴിലാളികളുടെ ശമ്പളം യുഎഇ വേജ് പ്രൊട്ടക്ഷന്‍ സ്കീമിലൂടെ കൈമാറുന്നതിന് നിരവധി തൊഴിലുടമകള്‍ ബാങ്കുകള്‍ക്ക് പകരം അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ചില്‍ അക്കൗണ്ടുകള്‍ തുറക്കുന്നുണ്ട്. ബാങ്ക് എടിഎം കാര്‍ഡിന് സമാനമായ കാര്‍ഡ് തന്നെയാണ് ഇവിടെയും തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. അവ എടിഎമ്മുകളിലും പി.ഒ.എസ് മെഷീനുകളിലും, ഓണ്‍ലൈന്‍ ബാങ്കിങ്ങിനുമെല്ലാം ഉപയോഗിക്കാനാവും. ഇതിലൂടെ തങ്ങളുടെ പണം കൈകാര്യം ചെയ്യാന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ എളുപ്പമായി മാറുന്നു.

ഇക്കാലയളവില്‍ യുഎഇയില്‍ ഉടനീളമുള്ള എണ്‍പതിലധികം ശാഖകള്‍ വഴി താഴ്‍ന്ന ശമ്പളക്കാരായ തൊഴിലാളികള്‍ക്ക് എറ്റവും  നല്ല എക്സ്ചേഞ്ച് നിരക്കില്‍ വളരെ വേഗത്തില്‍ തന്നെ പണം അയക്കാന്‍ അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ച് സംവിധാനമൊരുക്കിയിട്ടുണ്ട്. തങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഇതിലൂടെ സ്വന്തം കുടുംബങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനാവും. ഒപ്പം തൊഴിലാളികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുകയെന്ന കമ്പനിയുടെ ഉദ്ദേശ - ലക്ഷ്യങ്ങളുമായി ചേര്‍ന്ന് പോകാന്‍ അവസരം നല്‍കുന്നത് കൂടിയാണ് ഇത്തരമൊരു സേവനം. ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയുടെ മഹത്തായ 75 വര്‍ഷങ്ങള്‍ക്ക് ആദരമര്‍പ്പിക്കുന്ന ആഘോഷ പരിപാടികളോടെയായിരുന്നു അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ചിലെ മുഴുവന്‍ അംഗങ്ങളും ഒത്തുചേര്‍ന്ന ദിനാഘോഷം അവസാനിച്ചത്.

click me!