നഗരത്തിരക്കുകളില്ലാതെ അല്‍പനേരം ശാന്തമായി ചെലവഴിക്കാന്‍ നഗരമദ്ധ്യത്തിലെ പച്ചത്തുരുത്ത്

Published : Feb 15, 2023, 07:34 PM IST
നഗരത്തിരക്കുകളില്ലാതെ അല്‍പനേരം ശാന്തമായി ചെലവഴിക്കാന്‍ നഗരമദ്ധ്യത്തിലെ പച്ചത്തുരുത്ത്

Synopsis

തുരുത്തിലെ ഒരു മരത്തിനോ ചെടിക്കോ പോലും നാശമുണ്ടാക്കാതെയാണ് അല്‍ നൂര്‍ ഐലന്‍ഡ് എന്ന സഞ്ചാരകേന്ദ്രം സൃഷ്ടിച്ചത്. ഇന്നിവിടെ എഴുപതിനായിരത്തോളം മരങ്ങളും ചെടികളുമുണ്ട്. 

സ്വച്ഛം സുന്ദരം... അൽ നൂർ ഐലൻഡ്. ഷാർജ നഗരമധ്യത്തിലെ പച്ചത്തുരുത്ത്. നഗരത്തിരക്കുകളില്ലാതെ അല്‍പനേരം ശാന്തമായി സമാധാനമായി ചെലവഴിക്കാന്‍ കഴിയുന്നൊരിടം. ജീവിതത്തിന്റെ തിരക്കുകളില്‍ അനുഭവവും അനിവാര്യതയുമാണ് ഈ തുരുത്ത്.

ഷാര്‍ജ നഗരത്തിരക്കുകളില്‍ നിന്ന് ഈ പാലം നടന്ന് കയറുന്നത് വിശാലമായ മറ്റൊരു ലോകത്തേക്കാണ്. പച്ച പുതച്ചു നില്‍ക്കുന്ന, പക്ഷികളുടെ ശബ്ദങ്ങളാല്‍ മുഖരിതമായ മറ്റൊരു ലോകം. തണുത്ത കടല്‍ക്കാറ്റും ആസ്വദിച്ച് ഈ ദ്വീപിലൂടെയുള്ള ഒരു അലസനടത്തം മതി മനസും ശരീരവും ഊര്‍ജസ്വലമാകാന്‍. ഷാര്‍ജയില്‍ അല്‍ നൂര്‍ മസ്ജിദിന് സമീപം ഖാലിദ് ലഗൂണിലാണ് അല്‍ നൂര്‍ ഐലന്‍ഡ് സ്ഥിതി ചെയ്യുന്നത്. 2016ലാണ് തുരുത്തിനെ ഇന്നു കാണുന്ന തരത്തിലേക്ക് വികസിപ്പിച്ച് എടുത്തത്.

തുരുത്തിലെ ഒരു മരത്തിനോ ചെടിക്കോ പോലും നാശമുണ്ടാക്കാതെയാണ് അല്‍ നൂര്‍ ഐലന്‍ഡ് എന്ന സഞ്ചാരകേന്ദ്രം സൃഷ്ടിച്ചത്. ഇന്നിവിടെ എഴുപതിനായിരത്തോളം മരങ്ങളും ചെടികളുമുണ്ട്. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള ഒട്ടേറെ അപൂര്‍വ ഇനം ചെടികളും ഇവിടെ വച്ച് പിടിപ്പിച്ചിരിക്കുന്നു. ജൈവ വൈവിധ്യങ്ങളുടെ കലവറയെന്ന് തന്നെ നമുക്ക് ഇതിനെ വിളിക്കാം. വിവിധ ഇനം പക്ഷികളുടെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ ദ്വീപ്. ഫ്ലമംഗോസ് അടക്കമുള്ള ദേശാടന പക്ഷികളുടെ ഇടത്താവളവും.

ശലഭോദ്യാനമാണ് അൽനൂര്‍ ഐലന്‍ഡിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. വലിയ ചില്ലുകൂടാരത്തില്‍ ഇരുപത് ഇനങ്ങളില്‍ പെട്ട നൂറുകണക്കിന് ചിത്രശലഭങ്ങളെയാണ് പരിപാലിക്കുന്നത്. ഇവിടെ നിങ്ങൾക്ക് ചിത്രശലഭങ്ങളുമായി കൂട്ടുകൂടാം. ഭയമേതുമില്ലാതെ അവ സന്ദര്‍ശകരുടെ കൈകളിലേക്ക് പറന്നെത്തും. 

മനോഹരമായ ഈ നടപ്പാതകളിലൂടെ നടന്ന് ദ്വീപിന്റെ പലഭാഗങ്ങളില്‍ ഒരുക്കിയിരിക്കുന്ന പ്രതിഷ്ഠാപനങ്ങളും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. കടല്‍ക്കരയോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ഈ ഊഞ്ഞാല്‍ ഷാര്‍ജയുടെ ചരിത്രത്തിലേക്കുള്ള വാതില്‍ കൂടിയാണ്. എമറാത്തി കലാകരാനായ അസ അല്‍ ഗുബൈസിയാണ് ദ സ്വിങ് എന്ന ഈ ഊഞ്ഞാല്‍ ശില്‍പം ഒരുക്കിയിരിക്കുന്നത്. കാത്തിരിപ്പിന്റെ പ്രതീകമാണിത്. പണ്ടുകാലങ്ങളില്‍ മുത്തുവാരാന്‍ കടലില്‍ പോയിരുന്ന ഭര്‍ത്താവിനായി കാത്തിരിക്കുന്ന എമിറാത്തി സ്ത്രീയുടെ പ്രതീകം. ഒപ്പം പൗരാണിക ഷാര്‍ജയും നവ ഷാര്‍ജയും ഒരേ ദൃഷ്ടിപഥത്തില്‍ കാണാമെന്ന പ്രത്യേതയും ഈ ഊഞ്ഞാലിനുണ്ട്

മൂന്നൂറ് ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ സ്റ്റോണുകളാണ് മറ്റൊരു കാഴ്ച. ബ്രസിലില്‍ നിന്നാണ് ഇവ ഇവിടേക്കെത്തിച്ചത്. ഈ ദ്വീപിലെ ഏറ്റവും പഴക്കമുള്ള കാഴ്ചവസ്തുവും ഈ കല്ലുകളാണ്. ദ്വീപിന്‍റെ കാവല്‍ക്കാര്‍ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ശിലയായി രൂപാന്തരപ്പെട്ട മുപ്പത് മില്യണ്‍ വര്‍ഷം പഴക്കമുള്ള മരക്കുറ്റിയും ഇവിടെയുണ്ട്. ഇന്തോനേഷ്യയിലെ ജാവയില്‍‍ നിന്നാണ് ഇവ ഇവിടേക്കെത്തിച്ചത്. ദ്വീപിന്‍റെ രാത്രി കാവല്‍ക്കാരനാണത്രേ ഈ മരക്കുറ്റി.

പ്രതിഫലനത്തില്‍ ജാലവിദ്യ കാണിച്ച് വിസ്മയിപ്പിക്കുന്ന ടോറസ് എന്ന പ്രതിഷ്ഠാപനവും സന്ദര്‍ശകരില്‍ കൗതുകം സൃഷ്ടിക്കും. മുൾച്ചെടികളുടെ മനോഹരമായ ഒരു ഉദ്യാനവും ഈ ദ്വീപില്‍ ഒരുക്കിയിരിക്കുന്നു. ഷാര്‍ജ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഡവലപ്മെന്‍റ് അതോറിറ്റിയായ ഷുരൂഖ് ആണ് ദ്വീപിനെ വികസിപ്പിച്ച് ഒരു സന്ദര്‍ശന കേന്ദ്രമാക്കി മാറ്റിയത്. കുടുംബങ്ങൾക്ക് ഏറെ അനുയോജ്യമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇന്ന് അല്‍ നൂര്‍ ഐലന്‍ഡ്. പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ട പാരസ്‍പര്യത്തിന്റെ ഉത്തമ കാഴ്ചകളാണ് അല്‍ നൂര്‍ ഐലന്‍ഡ് ഓരോ ചുവടിലും സമ്മാനിക്കുന്നത്. ഒപ്പം കുറെ നല്ല നിമിഷങ്ങളും.
 

Read also:  വര്‍ണവും വെളിച്ചവും ചേര്‍ന്നൊരുക്കുന്ന മായികക്കാഴ്ചകള്‍ നിറച്ച് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം