തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്നത്. പന്ത്രണ്ടാം വര്‍ഷം പന്ത്രണ്ട് ദിവസങ്ങളിലായി പന്ത്രണ്ട് ഇടങ്ങളിലായാണ് ഇക്കുറി ലൈറ്റ് ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്.
വെളിച്ചത്തിന്റെ ഉൽസവകാലമാണിത്. കാഴ്ചകളുടെ ആഘോഷവും. വര്‍ണവും വെളിച്ചവും ചേര്‍ന്നൊരുക്കുന്ന മായികക്കാഴ്ചകളാണ് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍. ഷാര്‍ജയുടെ പൈതൃകങ്ങളും അടയാളങ്ങളുമെല്ലാം വര്‍ണ വെളിച്ചങ്ങളുടെ പുതിയ മേലാപ്പുകൾ അണിയുന്ന രാവുകളാണിത്. അറബിക്കഥകളിലെ അദ്ഭുത കാഴ്ചകൾ പോലെയാകും ഈ രാവുകളില്‍ ഷാര്‍ജ.
തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്നത്. പന്ത്രണ്ടാം വര്‍ഷം പന്ത്രണ്ട് ദിവസങ്ങളിലായി പന്ത്രണ്ട് ഇടങ്ങളിലായാണ് ഇക്കുറി ലൈറ്റ് ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്. ഓരോയിടങ്ങളിലും ഓരോ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ദൃശ്യവിന്യാസം ഒരുക്കിയിരിക്കുന്നത്. ഷാര്‍ജയുടെ ചരിത്രവും കാഴ്ചപ്പാടുകളും പാരമ്പര്യവും എല്ലാം പ്രതിഫലിക്കുന്നതാണ് ഈ പ്രകാശക്കാഴ്ചകൾ.
യൂണിവേഴ്‍സിറ്റി സിറ്റി ഹാൾ ആണ് ഇത്തവണ ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന്റെ പ്രധാനവേദി. ഭാവിയെ കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഇവിടുത്തെ പ്രകാശവിന്യാസത്തിന്റെ ആശയം. വെളിച്ചം തേടി പോകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം ഒരു കഥപോലെ ചിത്രീകരിച്ചിരിക്കുന്നു. അവസാനം അവൾ തന്നെ ലോകത്തിന് പ്രചോദനവും പ്രതീകവുമായി മാറുന്നു.
യൂണിവേഴ്സിറ്റി സിറ്റി ഹാളിലായിരുന്നു ഇത്തവണത്തെ ലൈറ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനവും. അതിഗംഭീരമായ വെടിക്കെട്ടിന്റെ അകമ്പടിയോടെ യൂണിവേഴ്സിറ്റി സിറ്റി ഹാളിന്റെ പ്രൗഡഗംഭീരമായ മുഖപ്പ് പ്രകാശം വാരിച്ചുറ്റിയതോടെയാണ് ലൈറ്റ് ഫെസ്റ്റിവലിന് തുടക്കമായത്.
അൽ നൂര്‍ മസ്ജിദും ഖാലിദ് ലഗൂണും മജാസ് പാര്‍ക്കുമാണ് ഇത്തവണത്തെ ലൈറ്റ് ഫെസ്റ്റിവലിലെ മറ്റ് ആകര്‍ഷകങ്ങള്‍. ഇസ്‍ലാമിക വാസ്തുകലയെ ആസ്‍പദമാക്കിയാണ് അല്‍ നൂര്‍ മസ്ജിദിലെ ദൃശ്യവിന്യാസം. പത്ത് മിനിട്ടോളം നീളുന്ന ദൃശ്യവിന്യാസം, വാസ്തുവിദ്യാ സമ്പന്നമായ പള്ളിയ്ക്ക് പുതിയ രൂപങ്ങളും ഭാവങ്ങളും എടുപ്പുകളുമൊക്കെ സമ്മാനിക്കുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള പ്രൊജക്ടറുകൾ ഉപയോഗിച്ചാണ് ഈ ദൃശ്യവിന്യാസങ്ങൾ ഒരുക്കുന്നത്. ലോകോത്തര കലാകാരന്‍മാരാണ് ഓരോ ഇടത്തെയും ദൃശ്യവിന്യാസത്തിന് പിറകില്‍ പ്രയത്നിച്ചിരിക്കുന്നത്
ഷാര്‍ജയുടെ എല്ലാ ഭാഗങ്ങളും ഒരു പോലെ ലൈറ്റ് ഫെസ്റ്റിവലിന്‍റെ ഭാഗമാകുന്നു. അല്‍ ദെയ്ദ്, ദിബ്ബ, റാഫിസ ഡാം എന്നിവിടങ്ങളിലെല്ലാം പ്രകാശത്തിന്റെ വിസ്മയ വിന്യാസങ്ങളൊരുക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി സിറ്റിയില്‍ ഒരുക്കിയിരിക്കുന്ന ലൈറ്റ് വില്ലേജാണ് ഇത്തവണത്തെ പുതുമകളിലൊന്ന്. ഒരു കാര്‍ണിവലിന്റെ അനുഭൂതിയില്‍ ലൈറ്റ് ഫെസ്റ്റിവല്‍ ആഘോഷിക്കാമെന്നതാണ് ലൈറ്റ് വില്ലേജിന്റെ പ്രത്യേകത. ലോകത്തെ പലതരം വിഭവങ്ങൾ ലഭിക്കുന്ന ഫുഡ് സ്ട്രീറ്റ് തന്നെയാണ് ലൈറ്റ് വില്ലേജിലെ പ്രധാന ആകര്‍ഷണം
ലൈറ്റ് വില്ലേജിലൊരുക്കിയിരിക്കുന്ന ലേസര്‍ ടണലും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ലേസര്‍ ലൈറ്റുകൾ മിന്നിമറയുന്ന ടണലിനകത്ത് കൂടിയുള്ള യാത്ര നിങ്ങളെ ഒരു മായിക ലോകത്ത് എത്തിക്കും. പലവര്‍ണങ്ങളിലുള്ള എല്‍ഇഡി ലൈറ്റുകൾ ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന ഫ്ലോര്‍ മറ്റൊരു കൗതുകക്കാഴ്ചയാണ്. വര്‍ണവെളിച്ചങ്ങൾ മാറി മാറി വരുന്ന ഈ ലൈറ്റ് ഫ്ളോറാണ് ലൈറ്റ് വില്ലേജിലെത്തുന്ന കുട്ടികളുടെ പ്രധാന ആകര്‍ഷണം. കുട്ടികളുടെ മനസോടെ മുതിര്‍ന്നവര്‍ക്കും ഇത് ആസ്വദിക്കാം.
കുട്ടികൾക്കായി ഗെയിം സോണും ഇവിടെയുണ്ട്. പലതരത്തിലുള്ള പ്രതിഷ്ഠാപനങ്ങളാലും സമ്പുഷ്ടമാണ് ലൈറ്റ് വില്ലേജ്. വെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ പെയിന്റിങ്ങുകൾ സജ്ജമാക്കിയിരിക്കുന്ന വാക് വേയും ഈ വില്ലേജിലെ ഒരു അനുഭവമാണ്. വെളിച്ചം തേടി പോകുന്നവരുടെ, വെളിച്ചത്തെ അറിയാനാഗ്രഹിക്കുന്നവരുടെ ലോകമാണ് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍. പ്രകാശത്തിന്റെ മനോഹരമായ വിന്യാസങ്ങൾ, ഒരു സിനിമാക്കാഴ്ച പോലെ മനസിലേറ്റി നമുക്ക് മടങ്ങാം.

