ലോകത്തിലെ ഏറ്റവും നീളമേറിയ സൈക്കിള്‍ ട്രാക്ക്: സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് ദുബൈ

By Web TeamFirst Published Nov 23, 2022, 8:21 PM IST
Highlights

പ്രധാന സൈക്കിള്‍ ട്രാക്കിന് പുറമെ 135 കിലോമീറ്റര്‍ ഉപട്രാക്കുകളുമുണ്ട്. 30 പോയിന്റുകളില്‍ എമര്‍ജന്‍സി ഫോണുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇരിപ്പിടങ്ങളോടെയുള്ള തണലുള്ള പ്രദേശങ്ങള്‍, റസ്റ്റോറന്റുകള്‍, ടോയ്‍ലറ്റുകള്‍, സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്ന ഷോപ്പുകള്‍ തുടങ്ങിയവയൊക്കെ ഇവിടെയുണ്ട്. 

ദുബൈ: ലോകത്തിലെ ഏറ്റവും നീളമേളറിയ സൈക്കിൾ പാതയൊരുക്കി സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച്  ദുബൈ നഗരം. ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി തയ്യാറാക്കിയ 80.6 കിലോമീറ്റര്‍ നീളമുള്ള അല്‍ ഖുദ്റ സൈക്കിള്‍ പാതയാണ് ലോകത്തിലെ ഏറ്റവും വലിയ ട്രാക്കെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്. 2020ല്‍ 33 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത അന്നും റെക്കോര്‍ഡ് തീര്‍ത്തിരുന്നു. ഈ സ്വന്തം റെക്കോര്‍ഡ് തന്നെയാണ് കഴിഞ്ഞ ദിവസം തിരുത്തിക്കുറിച്ചത്.

ഗിന്നസ് റെക്കോര്‍ഡ് നേടിയ സൈക്കിള്‍ ട്രാക്കെന്ന് അറിയിച്ചുകൊണ്ടുള്ള മാര്‍ബിള്‍ ഫലം അല്‍ ഖുദ്റയില്‍ സ്ഥാപിച്ചു. സൈക്കിള്‍ സൗഹൃദ നഗരമാക്കി ദുബൈ നഗരത്തെ മാറ്റിയെടുക്കുകയെന്ന കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ട്രാഫിക് ആന്റ് റോഡ്സ് ഏജന്‍സി സിഇഒ മാഇത ബിന്‍ അദായ് പറഞ്ഞു. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്ക് പ്രകാരം ആകെ 542 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിള്‍ ട്രാക്കാണ് ദുബൈയിലുള്ളത്. 2026 അവസാനത്തോടെ ഇത് 819 കിലോമീറ്ററാക്കി ഉയര്‍ത്തും.

ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ ട്രാക്കെന്ന ഖ്യാതിക്കപ്പുറം അന്താരാഷ്‍ട്ര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും സൈന്‍ ബോര്‍ഡുകളും ഗ്രൗണ്ട് മാര്‍ക്കിങുകളുമെല്ലാം അല്‍ ഖുദറയിലുണ്ട്. 188 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന അല്‍ ഖുദ്റയുടെ വലിയൊരു ഭാഗം മുഴുവന്‍ ഈ ട്രാക്ക് കടന്നുപോകുന്നു. പ്രധാന സൈക്കിള്‍ ട്രാക്കിന് പുറമെ 135 കിലോമീറ്റര്‍ ഉപട്രാക്കുകളുമുണ്ട്. 30 പോയിന്റുകളില്‍ എമര്‍ജന്‍സി ഫോണുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇരിപ്പിടങ്ങളോടെയുള്ള തണലുള്ള പ്രദേശങ്ങള്‍, റസ്റ്റോറന്റുകള്‍, ടോയ്‍ലറ്റുകള്‍, സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്ന ഷോപ്പുകള്‍ തുടങ്ങിയവയൊക്കെ ഇവിടെയുണ്ട്. 

Read also: യുഎഇയിലെ പുതിയ നറുക്കെടുപ്പിലും വിജയം ഇന്ത്യക്കാര്‍ക്ക് തന്നെ; എട്ട് കോടി സ്വന്തമാക്കി യുവാവ്

click me!