യുഎഇയിലെ പുതിയ നറുക്കെടുപ്പിലും വിജയം ഇന്ത്യക്കാര്‍ക്ക് തന്നെ; എട്ട് കോടി സ്വന്തമാക്കി യുവാവ്

By Web TeamFirst Published Nov 23, 2022, 7:41 PM IST
Highlights

1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതില്‍ പിന്നെ പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 199-ാമത്തെ ഇന്ത്യക്കാരനാണ് രാഹുല്‍. ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്നവരിലും ഏറ്റവുമധികം പേര്‍ ഇന്ത്യക്കാര്‍ തന്നെയാണ്.

ദുബൈ: ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് സമ്മാനം. മുംബൈ സ്വദേശിയായ രാഹുല്‍ വിനോദ് ആനന്ദിനാണ് 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ദുബൈയില്‍ താമസിക്കുന്ന ഈ 36 വയസുകാരന്‍ 2016 മുതല്‍ സ്ഥിരമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയായിരുന്നു.

നവംബര്‍ ഒന്നിന് ഓണ്‍ലൈനായി എടുത്ത 0099 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ബുധനാഴ്ച രാഹുലിനെ ഭാഗ്യം തേടിയെത്തിയത്. ഒരു കുട്ടുയുടെ പിതാവായ രാഹുല്‍ ദുബൈയില്‍ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ സെയില്‍സ് മാനേജറാണ്. 12 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന അദ്ദേഹം തനിക്ക് കൈവന്ന വിജയത്തിന് ദുബൈ ഡ്യൂട്ടി ഫ്രീയെ നന്ദി അറിയിച്ചു. "ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധിപ്പേരില്‍ ഒരാളായി മാറാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സമ്മാനം ലഭിക്കുന്ന തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും, നിരവധിപ്പേര്‍ക്ക് അത് പ്രയോജനപ്പെടുകയും ചെയ്യും" - രാഹുല്‍ പറഞ്ഞു.

1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതില്‍ പിന്നെ പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 199-ാമത്തെ ഇന്ത്യക്കാരനാണ് രാഹുല്‍. ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്നവരിലും ഏറ്റവുമധികം പേര്‍ ഇന്ത്യക്കാര്‍ തന്നെയാണ്.

മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിന് ശേഷം നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലും ഇന്ത്യക്കാരിക്കാണ് ആഡംബര കാര്‍ സമ്മാനമായി ലഭിച്ചത്. 27 വയസുകാരിയായ ആകാന്‍ഷയ്ക്ക് ബിഎംഡബ്ല്യൂ 760എല്‍ഐ എക്സ് ഡ്രൈവ് കാറാണ് ഇന്ന് നടന്ന നറുക്കെടുപ്പിലൂടെ സ്വന്തമായത്. മൂന്ന് വര്‍ഷമായി ഫുജൈറയില്‍ താമസിക്കുന്ന അവര്‍ക്ക് നവംബര്‍ ഒന്‍പതിന് വാങ്ങിയ 0675 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്. ഫുജൈറയിലെ ഇംഗ്ലീഷ് സ്‍കൂള്‍ ഓഫ് കല്‍ബയില്‍ ഹൈസ്‍കൂള്‍ അധ്യാപികയായ ആകാന്‍ഷ 1822-ാം സീരിസ് നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകളെടുത്തിരുന്നു. ആകാന്‍ഷക്ക് പുറമെ രണ്ട് പാകിസ്ഥാന്‍ പൗരന്മാരും ഇന്ന് നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പുകളില്‍ ആഡംബര കാറുകള്‍ സമ്മാനമായി നേടി.

Read also: മഹ്‍സൂസില്‍ 20 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കിയത് കുവൈത്തില്‍ നിന്നുള്ള പ്രവാസി

click me!