സൗഹൃദ ചിറകേറി അലിഫ് പറന്നു; കൂട്ടായി ആര്യയും അര്‍ച്ചനയും, ഇത് സ്വപ്‌ന സാഫല്യം

Published : May 29, 2022, 08:01 PM ISTUpdated : May 29, 2022, 08:09 PM IST
സൗഹൃദ ചിറകേറി അലിഫ് പറന്നു; കൂട്ടായി ആര്യയും അര്‍ച്ചനയും, ഇത് സ്വപ്‌ന സാഫല്യം

Synopsis

അന്നത്തെ ചിത്രം വൈറലായതുമായി ബന്ധപ്പെട്ട് ദുബൈയിലെ എഫ്എം റേഡിയോയിലെ വാര്‍ത്താ അവതാരകന്‍ ഫസലു നടത്തിയ അഭിമുഖത്തില്‍, ദുബൈ കാണണമെന്ന ആഗ്രഹം അലിഫ് പ്രകടിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സ്മാര്‍ട്ട് ട്രാവല്‍ എംഡി അഫി അഹ്മദാണ് എല്ലാ ചെലവുകളും ഏറ്റെടുത്ത് ഇവരെ ദുബൈയിലെത്തിച്ചത്.

ദുബൈ: സ്വപ്‌ന നഗരത്തെ അലിഫ് കണ്‍നിറയെ കണ്ടു. കൈപിടിച്ച് ഇടവും വലവും നിന്ന് ആര്യയും അര്‍ച്ചനയും- അതിരില്ലാത്ത സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും നേര്‍സാക്ഷ്യങ്ങളായി!

മാസങ്ങള്‍ക്ക് മുമ്പ് വൈറലായ ഒരു ചിത്രമാണ് അലിഫിന്റെയും ആര്യയുടെയും അര്‍ച്ചനയുടെയും സൗഹൃദത്തിന്റെ കഥ പറഞ്ഞത്. ശാസ്താംകോട്ട ഡിബി കോളേജ് വിദ്യാര്‍ത്ഥികളാണ് അലിഫും ആര്യയും അര്‍ച്ചനയും. അരയ്ക്ക് താഴെ സ്വാധീനമില്ലാത്ത അലിഫിനെ ആര്യയും അര്‍ച്ചനയും ചേര്‍ന്ന് തോളിലേറ്റി കൊണ്ടു പോകുന്ന ചിത്രം ഹൃദയം നിറച്ചിരുന്നു. അലിഫിന്റെ ചിരകാല സ്വപ്‌നമായ ദുബൈ സന്ദര്‍ശനം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഈ മൂവര്‍ സംഘം. അലിഫിന്റെ മാതാവ് സീനത്തും കൂടെയുണ്ട്.

Also Read- അലിഫിനെ തോളിലേറ്റി ആര്യയും അ‍ർച്ചനയും, തള‍ർന്ന കാലുകൾക്ക് പകരം താങ്ങായി ഈ അതിരില്ലാ സൗഹൃദം

അന്നത്തെ ചിത്രം വൈറലായതുമായി ബന്ധപ്പെട്ട് ദുബൈയിലെ എഫ്എം റേഡിയോയിലെ വാര്‍ത്താ അവതാരകന്‍ ഫസലു നടത്തിയ അഭിമുഖത്തില്‍, ദുബൈ കാണണമെന്ന ആഗ്രഹം അലിഫ് പ്രകടിപ്പിച്ചിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട സ്മാര്‍ട്ട് ട്രാവല്‍ എംഡി അഫി അഹ്മദാണ് എല്ലാ ചെലവുകളും ഏറ്റെടുത്ത് ഇവരെ ദുബൈയിലെത്തിച്ചത്. ആറ് ദിവസം ഇവര്‍ ദുബൈയിലുണ്ടാകും. ബുര്‍ജ് ഖലീഫയും ദുബൈ ഫ്രെയിമും ഇവര്‍ സന്ദര്‍ശിച്ചിരുന്നു. ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് അലിഫും ആര്യയും അര്‍ച്ചനയും. 

(ചിത്രം- (വലത്) അലിഫും മാതാവും സുഹൃത്തുക്കളും അഫി അഹ്മദിനൊപ്പം)

സുഹൃത്തുക്കളുടെ ചുമലിൽ സഞ്ചരിച്ച അലിഫ് മുഹമ്മദിന് ഇനി സ്വന്തമായി മുച്ചക്രവാഹനം. കരുനാ​ഗപ്പള്ളി എംഎൽഎ സി ആർ മഹേഷാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്താണ് അലിഫിന് മുച്ചക്ര വാഹനം നൽകിയത്. അധിക ചക്രങ്ങള്‍ സ്ഥാപിച്ച് പത്തു ദിവസത്തിനകം അവന് കൈമാറുമെന്ന് ഹോണ്ട ഷോറൂം അധികൃതര്‍ അറിയിച്ചു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് വിദ്യാർഥി അലിഫ് മുഹമ്മദ് കൂട്ടുകാരികളായ ആര്യയുടെയും അർച്ചനയുടെയും സഹായത്തോടെ ക്ലാസ് മുറിയിലേക്ക് പോകുന്ന വീഡിയോ മണിക്കൂറുകൾക്കിടയിലാണ് നവമാധ്യമങ്ങളിൽ തരംഗമായത്.

ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത അലിഫിന്റെ എല്ലാമെല്ലാം കൂട്ടുകാരാണ്. കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശി ഷാനവാസിന്റെയും സീനത്തിന്റെയും മകനായ അലിഫിന് ജന്മനാ ഇരുകാലുകൾക്കും സ്വാധീനമില്ല.  ആത്മവിശ്വാസം കൊണ്ടും പിന്നെ കൂടപ്പിറപ്പുകളോളം പ്രിയപ്പെട്ട കൂട്ടുകാരുടെ പിന്തുണ കൊണ്ടും വെല്ലുവിളികളെ മറികടക്കുന്നിടത്താണ് ഈ അവസാന വർഷ ബിരുദ വിദ്യാർഥി വ്യത്യസ്തനാകുന്നത്.

സിആർ മ​ഹേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സ്‌നേഹ ചുമലില്‍ സഞ്ചരിച്ച  അലിഫ് മുഹമ്മദ് ഇനി അവന്റെ സ്വപ്ന വാഹനത്തില്‍ ഇഷ്ടത്തോടെ സഞ്ചരിക്കട്ടെ... 
അതെ അവന് മുച്ചക്ര വാഹനവുമായി ആര്യാടന്‍ ഷൗക്കത്ത് എത്തി. ഇന്നലെകളില്‍ സന്തോഷത്തോടെ ചുമലില്‍ ഏറ്റിയ ആ ചിത്രം പുറം ലോകത്ത് എത്തിച്ച സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ആ ഇഷ്ടം നിറവേറ്റി. വാഹനം അധിക ചക്രങ്ങള്‍ സ്ഥാപിച്ച് പത്തു ദിവസത്തിനകം അവന് കൈമാറുമെന്ന് ഹോണ്ട ഷോറൂം അധികൃതര്‍ അറിയിച്ചു. നിര്‍മ്മിതി അല്ലാത്ത നിമിത്തമാണ് പലപ്പോഴും ജീവിതത്തിനു നിറം നല്‍കുന്നത് ആ നല്ല മനസ്സുകളുടെ സ്വപ്നങ്ങള്‍ക്ക് ദൈവം നിറം നല്‍കട്ടെ.....


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം