സമാധാനം തകര്‍ക്കുന്നത് ഇസ്രയേല്‍; ഫലസ്തീന് പിന്തുണ തുടരുമെന്ന് ഖത്തര്‍ അമീര്‍

Published : Dec 04, 2018, 05:32 PM IST
സമാധാനം തകര്‍ക്കുന്നത് ഇസ്രയേല്‍; ഫലസ്തീന് പിന്തുണ തുടരുമെന്ന് ഖത്തര്‍ അമീര്‍

Synopsis

ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യദിനത്തില്‍ യു.എന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഖത്തര്‍ അമീര്‍ നിലപാട് ആവര്‍ത്തിച്ചത്. വിയന്നയില്‍ നടന്ന  ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ അമീറിന് വേണ്ടി ഖത്തര്‍ നയതന്ത്ര പ്രതിനിധി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ഫാഹിദാണ് സന്ദേശം വായിച്ചത്.  

വിയന്ന: ഫലസ്തീന് ഖത്തര്‍ നല്‍കുന്ന പിന്തുണ തുടരുമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അറിയിച്ചു. 1967ലെ അതിര്‍ത്തി അനുസരിച്ച്, കിഴക്കന്‍ ജറൂസലേം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രൂപീകരിക്കണമെന്നും അന്താരാഷ്ട്ര മര്യാദകള്‍ പാലിച്ച് സമയബന്ധിതമായി ചര്‍ച്ചയിലൂടെ ഫലസ്തീന്‍ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യദിനത്തില്‍ യു.എന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഖത്തര്‍ അമീര്‍ നിലപാട് ആവര്‍ത്തിച്ചത്. വിയന്നയില്‍ നടന്ന  ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ അമീറിന് വേണ്ടി ഖത്തര്‍ നയതന്ത്ര പ്രതിനിധി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ഫാഹിദാണ് സന്ദേശം വായിച്ചത്.  ഫസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നടപടികള്‍ ഇസ്രയേല്‍ നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. എല്ലാ ഒത്തുതീര്‍പ്പ് ശ്രമങ്ങളെയും അവഗണിച്ച് ഫലസ്തീനികളുടെ മണ്ണ് പിടിച്ചെടുക്കുന്നത് തുടരുന്നു.  ഗാസ മുനമ്പില്‍ നിരായുധരായ ജനങ്ങള്‍ക്ക് നേരെ വലിയ സൈനിക ശക്തിയാണ് പ്രയോഗിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കാന്‍ ഫലസ്തീനികളെ അനുവദിക്കുന്നില്ല. അവരുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നതിനൊപ്പം അല്‍ അഖ്സ പള്ളി ഉള്‍പ്പെടെ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പരിപാവനമായി കാണുന്നവയെയെല്ലാം നശിപ്പിക്കുന്നു. മദ്ധ്യ പൂര്‍വദേശത്തും ലോകം മുഴുവനും സമാധാനം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളെയും നിശ്ഫലമാക്കുന്നത് ഇത്തരം പ്രവൃത്തികളാണെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനിലെ തങ്ങളുടെ സഹോദരങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണയ്ക്കൊപ്പം ആവശ്യമായ സാധനങ്ങളും എത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗാസ മുനമ്പില്‍ അടിയന്തര സഹായമെത്തിക്കുമെന്നുള്ള ഖത്തറിന്റെ നേരത്തെയുള്ള പ്രഖ്യാപനവും അദ്ദേഹം എടുത്തുപറഞ്ഞു. പ്രാഥമിക സംവിധാനങ്ങളൊരുക്കുന്നതിനൊപ്പം ഗാസയില്‍ ഇന്ധനവും വൈദ്യുതിയും എത്തിക്കുന്നതിനുള്ള സഹായം ചെയ്യും. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള സഹായത്തിന്റെ അളവ് ഖത്തര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തില്‍ ഖത്തര്‍ ഭരണകൂടത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ