മരിച്ചെന്ന് കുടുംബവും കരുതി, 23 വർഷത്തെ`ആടുജീവിതം', ഒടുവിൽ പ്രവാസി മലയാളി നാടണഞ്ഞു

Published : Jul 04, 2025, 12:48 PM ISTUpdated : Jul 04, 2025, 12:50 PM IST
Babu exclusive

Synopsis

2002 മാർച്ച് 6-നാണ് കൊല്ലം സ്വദേശിയായ ബാബു സൗദിയിലുള്ള ഒരു കമ്പനിയിൽ പാചകക്കാരനായി ജോലിക്കെത്തിയത്

റിയാദ്: ആടുകളും ഒട്ടകങ്ങളും പീഡനങ്ങളും നിറഞ്ഞ പ്രവാസ ദിനരാത്രങ്ങൾ. പുറംലോകവുമായി ഒരു ബന്ധവുമില്ല. കുടുംബത്തെ കുറിച്ച് ഒരു വിവരവുമില്ല. ദുരിതകാലം എന്നെങ്കിലും തീരുമെന്ന പ്രതീക്ഷയുമില്ല. കൊല്ലം സ്വദേശിയായ ബാബു സൗദി മരുഭൂമിയിലെ വിജനപ്രദേശത്ത് തള്ളിനീക്കിയത് നീണ്ട 23 വർഷങ്ങൾ.

മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ബാബുവും സൗദിയിൽ എത്തിയത്. പക്ഷേ കിട്ടിയത് നരകജീവിതം. ഒടുവിൽ സൗദിയിലുള്ള സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് വീട്ടുകാരും നാട്ടുകാരും മരിച്ചെന്ന് കരുതിയ ബാബു അത്ഭുതകരമായി നാട്ടിലേക്ക് തിരിച്ചെത്തിയത്.

2002 മാർച്ച് 6-നാണ് ബാബു സൗദിയിലുള്ള ഒരു കമ്പനിയിൽ പാചകക്കാരനായി ജോലിക്കെത്തിയത്. പരിമിതമായ ശമ്പളം. ഒപ്പം ജോലി ഭാരവും. ജോലി ഉപേക്ഷിച്ച് പോകാനൊരുങ്ങുമ്പോഴാണ് കമ്പനിയിൽ സ്ഥിരം സന്ദർശകനായ ഒരു സൗദി പൗരനെ ബാബു പരിചയപ്പെടുന്നത്. മെച്ചപ്പെട്ട തൊഴിലും ശമ്പളവും നൽകാമെന്ന വ്യവസ്ഥയിൽ ആ സൗദി പൗരൻ ഒരു രാത്രി ബാബുവിനെ റിയാദ് പട്ടണത്തിൽ നിന്നും ദൂരെദൂരെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി.

മണിക്കൂറുകൾ നീണ്ട യാത്ര ഒരു ഈത്തപ്പന തോട്ടത്തിലേക്കായിരുന്നു എന്ന് നേരം പുലർന്നപ്പോഴാണ് ബാബുവിന് മനസ്സിലായത്. ആട് മേക്കലും ഈത്തപ്പന തോട്ടം പരിചരണവുമായിരുന്നു ജോലി. കുടുംബവുമായി ബന്ധപ്പെടാൻ യാതൊരു വഴിയുമില്ല. കൃത്യമായി താൻ എവിടെയാണ് എത്തിയിരിക്കുന്നത് എന്നുപോലും മനസ്സിലായില്ല. കൂട്ടിന് ആ മരുഭൂ പ്രദേശത്ത് ഒരു സുഡാൻ സ്വദേശിയുമുണ്ട്. ജോലിക്ക് മാസം 300 റിയാൽ പ്രതിഫലം ലഭിക്കും.

രക്ഷപ്പെടാൻ യാതൊരു മാർ​ഗവുമില്ല. ഒടുവിൽ ജോലിയുമായി വർഷങ്ങൾ തള്ളി നീക്കി. അതിനിടയിൽ തൊഴിലുടമ 5 വർഷം മുമ്പ് മരണപ്പെട്ടു. പിന്നീട് മകനാണ് എല്ലാം നോക്കി നടത്തിയിരുന്നത്. എന്നാൽ, പിതാവിൻ്റെ അതേ രീതി തന്നെ മകനും തുടരുകയായിരുന്നു.

വർഷങ്ങൾ കഴിയുംതോറും നാട്ടിലെത്തണമെന്ന ചിന്ത കൂടി വന്നു. എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് കരുതി മരുഭൂമിയിലൂടെ നടന്നപ്പോൾ അകലെ ഒരു ടാങ്കർ ലോറി വരുന്നത് ബാബുവിന്റെ ശ്രദ്ധയിൽപ്പെട്ടു. ആ ലോറി അടുത്തെത്തിയപ്പോൾ ഡ്രൈവറോട് സഹായം അഭ്യർത്ഥിച്ചു. ബാബുവിനെ ഡ്രൈവർ ടാങ്കർ ലോറിയിൽ കയറ്റി പുറപ്പെട്ടു. പിന്നീട് റിയാദിലെത്തിക്കാൻ മറ്റൊരു വാഹനം ഏർപ്പാട് ചെയ്ത് നൽകുകയും ചെയ്തു.

റിയാദിലെത്തിയ ശേഷം ബാബു കുടുംബത്തെ ബന്ധപ്പെടുകയും സൗദിയിൽ തന്നെയുള്ള ബന്ധുവിൻ്റെ നമ്പർ സംഘടിപ്പിച്ച് അയാളുടെ അടുത്തെത്തുകയും ചെയ്തു. ബന്ധുവിൻ്റെ കൂടെ ജോലി ചെയ്യുന്ന മലപ്പുറം തുവ്വൂർ സ്വദേശിയായ ഷമീറാണ് സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെട്ടത്. ലഭ്യമായ രേഖകളും മറ്റ് വിവരങ്ങളും സംഘടിപ്പിച്ച് ബാബുവിനൊപ്പം സിദ്ദീഖ് തുവ്വൂർ ഇന്ത്യൻ എംബസിയിലെത്തി.

പാസ്പോർട്ടില്ലാതിരുന്ന ബാബുവിന് എംബസി സഹായത്തോടെ എമർജൻസി സർട്ടിഫിക്കറ്റ് തയ്യാറാക്കി കൊടുത്തു. ശേഷം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നസീം, ഷറഫ് എന്നിവരും സാമൂഹിക പ്രവർത്തകൻ നേവലും ചേർന്ന് സൗദി നാടുകടത്തൽ കേന്ദ്രത്തിലെത്തുകയും ബാബുവിന്റെ വിഷയം സൗദി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. വിരലടയാളമുൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് സൗദിയിൽ നിന്നും ബാബു നാട്ടിലെത്തിയത്. മരണപ്പെട്ടു എന്ന് കരുതിയ ബാബുവിനെ തിരികെ കിട്ടിയതിലുള്ള സന്തോഷത്തിലാണ് കുടുംബം.

ജോലി ചെയ്ത സ്ഥലത്തെ കുറിച്ചോ തൊഴിലുടമയെ കുറിച്ചോ ഒരു വിവരവും ബാബുവിന് അറിയാത്തതും യഥാർത്ഥ തൊഴിലുടമയുടെ കീഴിലല്ലാത്തതും നിയമ നടപടികൾ സ്വീകരിക്കുന്നതിന് തടസ്സമായെന്ന് സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ പറഞ്ഞു. മനുഷ്യാവകാശ സമിതി ഉൾപ്പെടെ സജീവമായി ഇത്തരം വിഷയങ്ങളിലിടപെടുന്നത് കൊണ്ട് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി