ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ വിശുദ്ധ ‘കഅ്ബ’യുടെ കഴുകൽ ചടങ്ങ്

Published : Jul 01, 2026, 01:40 PM IST
 annual washing of the kaaba

Synopsis

മക്കയിലെ വിശുദ്ധ ഗേഹമായ കഅ്ബയുടെ വാർഷിക കഴുകൽ ചടങ്ങ് ഭക്തിസാന്ദ്രമായി പൂർത്തിയായി. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ നേതൃത്വം നൽകിയ ചടങ്ങിൽ, പനിനീർ കലർത്തിയ സംസം വെള്ളം ഉപയോഗിച്ച് കഅ്ബയുടെ ഉൾഭാഗം കഴുകി വൃത്തിയാക്കി.

റിയാദ്: മക്കയിലെ വിശുദ്ധ ഗേഹമായ കഅ്ബയുടെ വാർഷിക കഴുകൽ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പൂർത്തിയായി. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ മിശ്അൽ ബിൻ മജീദ് ബിൻ അബ്ദുൽ അസീസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. മസ്ജിദുൽ ഹറാമിലെത്തിയ ഡെപ്യൂട്ടി ഗവർണറെ ഇരുഹറം പരിപാലന അതോറിറ്റി ഭാരവാഹികൾ ചേർന്നാണ് സ്വീകരിച്ചത്.

പ്രധാന വാതിലിലെ തിരശ്ശീല ഉയർത്തിയതോടെയാണ് കഴുകൽ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് കഅ്ബയ്ക്കുള്ളിൽ പ്രവേശിച്ച ഡെപ്യൂട്ടി ഗവർണർ, പനിനീർ കലർത്തിയ വിശുദ്ധ സംസം വെള്ളം ഉപയോഗിച്ച് കഅ്ബയുടെ തറ കഴുകി വൃത്തിയാക്കി. കഅ്ബയുടെ ഉൾച്ചുവരുകൾ പനിനീരിൽ മുക്കിയ പ്രത്യേക തുണികൾ ഉപയോഗിച്ചാണ് തുടച്ചു വൃത്തിയാക്കിയത്.

പരമ്പരാഗതമായ നടപടിക്രമങ്ങൾക്കനുസൃതമായി മൂന്ന് ഘട്ടങ്ങളായാണ് കഅ്ബ കഴുകൽ പ്രക്രിയ പൂർത്തിയാക്കിയത്. ചടങ്ങിനുള്ള ഒരുക്കം, കഴുകൽ, തുടർന്ന് സുഗന്ധദ്രവ്യങ്ങൾ പൂശലും പുകയ്ക്കലും എന്നിവയായിരുന്നു ഈ ഘട്ടങ്ങൾ. ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി മുൻകൂട്ടി തയ്യാറാക്കിയ മേത്തരം സുഗന്ധവസ്തുക്കളാണ് ഇതിനായി ഉപയോഗിച്ചത്. 15 ലിറ്റർ സംസം വെള്ളം, 15 ലിറ്റർ റോസ് വാട്ടർ, 15 ലിറ്റർ റോസ് ഓയിൽ, 100 മില്ലി ഊദ് ഓയിൽ എന്നിവ ഇതിനായി പ്രത്യേകം ഒരുക്കിയിരുന്നു. കഅ്ബയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയുമാണ് ഓരോ ഘട്ടവും നിർവഹിച്ചതെന്ന് ഇരുഹറം പരിപാലന അതോറിറ്റി വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യുക സങ്കീർണം; അമേരിക്ക തടഞ്ഞുവെച്ചത് ഇറാന്‍റെ 1200 കോടി ഡോളർ, നേരിട്ടുള്ള ചർച്ചകൾ ഇപ്പോഴില്ലെന്ന് ഖത്തർ
ലാഹോറിൽ ട്യൂഷൻ സെന്റർ തകർന്ന് 14 കുട്ടികൾക്ക് ദാരുണാന്ത്യം, മുകൾ നിലയിലെ ടൈൽ പണിക്കിടെയാണ് കെട്ടിടം തകർന്നത്