Houthi attack : സൗദി അറേബ്യയില്‍ വിമാനത്താവളത്തിന് നേരെ പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണ ശ്രമം

By Web TeamFirst Published Dec 20, 2021, 7:26 PM IST
Highlights

ജിസാൻ കിംഗ് അബ്ദുല്ല എയർപോർട്ടിന് നേരെ ഹൂതികളുടെ ആക്രമണ ശ്രമം. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനം അറബ് സഖ്യസേന വെടിവെച്ചിട്ടു.

റിയാദ്: സൗദി അറേബ്യക്ക് (Saudi Arabia) നേരെ യമൻ വിമത വിഭാഗമായ ഹൂതികളുടെ (Houthi militia) ആക്രമണ ശ്രമം വീണ്ടും. ഇത്തവണ തെക്ക് പടിഞ്ഞാറൻ അതിർത്തിയിലെ ജിസാൻ കിംഗ് അബ്ദുല്ല എയർപോർട്ടിന് നേരെ (King Abdullah bin Abdulaziz Airport Jazan) സ്ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ചാണ്  ആക്രമണം നടത്താനുള്ള ശ്രമമുണ്ടായത്. എന്നാല്‍ സൗദി നേതൃത്വത്തലുള്ള അറബ് സഖ്യസേന ഈ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. 

യമനിലെ സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഹൂതികൾ ജിസാൻ എയർപോർട്ടിൽ യാത്രക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഡ്രോൺ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പായി സഖ്യസേന ഡ്രോൺ കണ്ടെത്തി വെടിവെച്ചിടുകയായിരുന്നു. സാധാരണക്കാർക്ക് നേരെ ആക്രമണങ്ങൾ നടത്താൻ സൻആ എയർപോർട്ട് ഉപയോഗിക്കുന്നത് നിയമാനുസൃത സൈനിക നടപടികൾക്ക് കാരണമാകുമെന്ന് സഖ്യസേന പറഞ്ഞു. തങ്ങൾ ഇപ്പോഴും സംയമനം പാലിക്കുകയാണെന്നും സഖ്യസേന പറഞ്ഞു. 

കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ അബഹ അന്താരാഷ്‍ട്ര വിമാനത്താവളം  ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമവും അറബ് സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. വിമാനത്താവളത്തില്‍ ആക്രമണം നടത്താനൊരുങ്ങിയ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായാണ് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഞായറാഴ്‍ച അറിയിച്ചത്.

വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണ ശ്രമമെന്നും യെമനിലെ സന്‍ആ വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണുകള്‍ പറന്നുയര്‍ന്നതെന്നും സഖ്യസേന ആരോപിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്താനുള്ള കേന്ദ്രമായി സന്‍ആ അന്താരാഷ്‍ട്ര വിമാനത്താവളത്തെ ഹൂതി വിമതര്‍ ഉപയോഗിക്കുകയാണെന്നും സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവനയില്‍ ആരോപിച്ചു.

ഞായറാഴ്‍ച തന്നെ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യം വെച്ചും ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. ഇതും ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തു. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ സൗദി അറേബ്യയിലെ സാധാരണക്കാരെയും അവരുടെ വസ്‍തുവകകളും ലക്ഷ്യം വെച്ച് ആക്രമണം തുടരുകയാണെന്നും ഇതിനായി സന്‍ആ അന്താരാഷ്‍ട്ര വിമാനത്താവളം ഉപയോഗിക്കുകയാണെന്നും സഖ്യസേന ആരോപിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്‍ച തെക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണമായ ജിസാനില്‍ മിസൈല്‍ പതിച്ച് വാഹനങ്ങളും വര്‍ക്ക്‌ഷോപ്പുകളും കത്തിനശിച്ചിരുന്നു. ജിസാനിലെ അഹദ് അല്‍മസാരിഹില്‍ മൂന്നു വര്‍ക്ക്‌ഷോപ്പുകളും മൂന്നു കാറുകളുമാണ് ഹൂതികളുടെ ആക്രമണത്തില്‍ കത്തി നശിച്ചത്. 

click me!