ന്യൂസീലൻഡ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

By Web TeamFirst Published Mar 16, 2019, 2:10 PM IST
Highlights

സുരക്ഷിതമായും സമാധാനപരമായും വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുകയായിരുന്ന നിരപരാധികള്‍ക്ക് നേരെയുണ്ടായ അക്രമത്തെ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അറിയിച്ചു. 

അബുദാബി: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ പള്ളിയിലുണ്ടായ ഭീകരാക്രണമത്തെ ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് തുടങ്ങിയവര്‍ ന്യൂസിലന്‍ഡ് ഭരണാധികാരി ബാറ്റ് സി റെഡിക്ക് അനുശോചന സന്ദേശങ്ങളയച്ചു.

സുരക്ഷിതമായും സമാധാനപരമായും വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുകയായിരുന്ന നിരപരാധികള്‍ക്ക് നേരെയുണ്ടായ അക്രമത്തെ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അറിയിച്ചു. അസഹിഷ്ണുതയും വിദ്വേഷവും ചെറുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 49 പേര്‍ മരണപ്പെട്ട ഏറ്റവും ഹീനമായ മതവിദ്വേഷ കൂട്ടക്കൊലയാണ് നടന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ആക്രമണത്തില്‍ ഇരകളാക്കപ്പെട്ടവരുടെ ബന്ധുക്കളോടും ന്യൂസിലന്‍ഡിനോടും എല്ലാ മുസ്ലിംകളോടും തന്റെ പേരിലും സഹിഷ്ണുത പ്രചരിപ്പിക്കാനായി ഒരു വര്‍ഷം തന്നെ മാറ്റിവെച്ച തന്റെ രാജ്യത്തിന്റെ പേരിലും അനുശോചനങ്ങള്‍ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ന്യൂസീലന്‍ഡ് ഭരണാധികാരിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു. ഭീകരത ലോകത്ത് എവിടെയും എല്ലാ രൂപത്തിലുമുള്ള ഭീകരതയെ സൗദി അറേബ്യ എപ്പോഴും തള്ളിപ്പറഞ്ഞിട്ടുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങലുടെയും ന്യൂസിലന്‍ഡ് ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സൗദി അറേബ്യ അറിയിച്ചു.

click me!