അറേബ്യന്‍ ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ് മലയാളി സഹോദരങ്ങള്‍ക്ക്

By Web TeamFirst Published Nov 15, 2018, 12:16 AM IST
Highlights

അറബ് ലോകത്തെ വ്യവസായ- വാണിജ്യ മണ്ഡലങ്ങളില്‍ വ്യത്യസ്തവും അനുകരണീയവുമായ സംഭാവനകൾ അര്‍പ്പിച്ച പ്രതിഭകൾക്ക് നൽകുന്ന പുരസ്കാരത്തിനാണ് മലയാളി സഹോദരങ്ങള്‍ അര്‍ഹരായത്.

ദുബായ്: അറേബ്യൻ ബിസിനസ് അച്ചീവ്‌മെന്റ് അവാർഡിന് മലയാളി സഹോദരങ്ങൾ അർഹരായി. പാലക്കാട് നെന്മാറ സ്വദേശികളായ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടുമാണ് ഈ അപൂർവ്വ നേട്ടത്തിന് അർഹരായത്.

അറബ് ലോകത്തെ- വ്യവസായ വാണിജ്യ മണ്ഡലങ്ങളില്‍ വ്യത്യസ്തവും അനുകരണീയവുമായ സംഭാവനകൾ അര്‍പ്പിച്ച പ്രതിഭകൾക്ക് നൽകുന്ന പുരസ്കാരത്തിനാണ് മലയാളി സഹോദരങ്ങള്‍ അര്‍ഹരായത്. വ്യവസായി ഡോ. ബി.ആർ.ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എൻഎംസി ഹെൽത്തിന്റെ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രശാന്ത് മങ്ങാട്ടും ഫിനാബ്ലർ ഹോൾഡിങ്‌സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ സിഇഒയുമായ പ്രമോദ് മങ്ങാട്ടുമാണ് പുരസ്കാരത്തിന് അര്‍ഹരായത്. 

ഇരു സ്ഥാപനങ്ങളെ ചെറിയ കാലയളവിൽ ആഗോളതലത്തിൽ വ്യാപിപ്പിക്കുകയും ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയർത്തുകയും ചെയ്ത ഇവരുടെ കർമ്മശേഷിയെ മാനിച്ചുകൊണ്ടാണ് അറേബ്യൻ ബിസിനസ് അവാർഡിന് തെരഞ്ഞെടുത്തത്. ദുബായിൽ നടന്ന ചടങ്ങിൽ ഐടിപി മീഡിയ ഗ്രൂപ്പ് സിഇഒ അലി അക്കാവിയിൽ നിന്ന് ഇരുവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. റാസൽഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ്‌ ബിൻ സഖർ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്

എൻഎംസി ഗ്രൂപ്പിനെ ലണ്ടൺ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രീമിയം കാറ്റഗറിയിൽ എത്തിക്കാനും തുടർന്ന് 17 രാജ്യങ്ങളിലായി 185 ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങാനും പ്രശാന്ത് മങ്ങാട്ടിന് സാധിച്ചു. യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പിനെ 44 രാജ്യങ്ങളിൽ വ്യാപിപ്പിക്കുന്നതില്‍ വഹിച്ച പങ്കാണ് പ്രമോദിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ജീവകാരുണ്യ മേഖലയിലെന്ന പോലെ കലാ- സാഹിത്യ- സാംസ്കാരിക പ്രവർത്തനങ്ങളില്‍ ഇരുവരും നടത്തുന്ന ഇടപെടലുകളും ശ്രദ്ധേയമാണ്. 

click me!