വിദേശികള്‍ക്ക് ഇലക്ട്രോണിക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി ഒമാന്‍

By Web TeamFirst Published Nov 14, 2018, 11:47 PM IST
Highlights

ഒമാനിലേക്ക് എത്തുന്ന വിദേശികൾക്ക് നിർബന്ധമായും ഇലക്ട്രോണിക് പാസ്പോർട്ട് ഉണ്ടായിരിക്കണമെന്ന് താമസ കുടിയേറ്റ വിഭാഗം...

മസ്‌കറ്റ്: ഒമാനിലേക്ക് എത്തുന്ന വിദേശികൾക്ക് നിർബന്ധമായും ഇലക്ട്രോണിക് പാസ്പോർട്ട് ഉണ്ടായിരിക്കണമെന്ന് താമസ കുടിയേറ്റ വിഭാഗം. സന്ദർശിക്കുവാനോ തൊഴിലിനായോ രാജ്യത്ത് എത്തുന്നവർ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. 

പേന ഉപയോഗിച്ച് എഴുതി നൽകുന്ന പാസ്പോർട്ട് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയുടെ മാർഗ്ഗനിര്‍ദേശത്തിനു അനുസൃതമായി ഉപയോഗിക്കുവാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കുകയില്ല. എന്നാൽ ചില വിദേശ രാജ്യങ്ങളും ഒമാനിൽ പ്രവർത്തിച്ചു വരുന്ന ചില സ്ഥാനപതികാര്യാലയങ്ങളും പുതിയ പാസ്പോര്‍ട്ട് നൽകുന്നതും പുതുക്കുന്നതും ഇലക്ട്രോണിക് സംവിധാനത്തിലൂടെയല്ല.

ഇത് രാജ്യത്ത് തങ്ങുവാനായുള്ള വിസ തയ്യാറാക്കുന്ന രേഖകളിൽ അശ്രദ്ധ മൂലം തെറ്റുകൾ ഉണ്ടാക്കുവാൻ സാധ്യതകൾ കൂടുതലാണെന്നു റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥൻ കേണൽ ഹിലാൽ ബിൻ സൈദ് അൽ വധെബി പറഞ്ഞു.

ഇലക്ട്രോണിക് പാസ്പോര്‍ട്ട് ഉപയോഗിക്കുന്ന പക്ഷം ഏത് വിസയുടെയും കാലാവധി പൂർത്തിയായതിനു ശേഷം ആവശ്യമെങ്കിൽ കാലതാമസമില്ലാതെ വിസ പുതുക്കി നൽകുന്നതിനും ഏതെങ്കിലും സാഹചര്യത്തിൽ തൊഴിൽ ഇടങ്ങളിൽ നിന്നും ഓടിപോയവരെ പിന്തുടരുന്നതിനു പെട്ടന്ന് സാധിക്കുമെന്നും കേണൽ ഹിലാൽ വധെബി വ്യക്തമാക്കി. കൂടാതെ രാജ്യത്ത് വിദേശികൾക്ക് സ്ഥിര താമസത്തിനായി പരമാവധി രണ്ടു വര്‍ഷം കാലാവധിയുള്ള വിസകൾ മാത്രമായിരിക്കും നൽകുക. 

click me!