കുവൈത്തില്‍ നിന്ന് രണ്ടാഴ്ച കൊണ്ട് 35,000 ഇന്ത്യക്കാര്‍ നാടണയും

By Web TeamFirst Published Aug 20, 2020, 5:57 PM IST
Highlights

കുവൈത്തിലെയും ഇന്ത്യയിലെയും സിവില്‍ ഏവിയേഷന്‍ അതോരിറ്റികള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം 160 വിമാന സര്‍വീസുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. നേരത്തെ പ്രതിദിനം ശരാശരി ആയിരത്തോളം പേര്‍ നാട്ടിലേക്ക് പോയിരുന്ന സ്ഥാനത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചതോടെ ഇപ്പോള്‍ 2500 പേരോളം ദിവസവും മടങ്ങുന്നുണ്ട്. പതിനാലോളം വിമാന സര്‍വീസുകളാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഓരോ ദിവസവുമുള്ളത്. 

കുവൈത്തിലെയും ഇന്ത്യയിലെയും സിവില്‍ ഏവിയേഷന്‍ അതോരിറ്റികള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം 160 വിമാന സര്‍വീസുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 18 മുതല്‍ 31 വരെ 35,000 പ്രവാസികള്‍ ഈ വിമാനങ്ങളില്‍ നാടണയും. 12 മുതല്‍ 14 വരെ വിമാനങ്ങള്‍ ഓരോ ദിവസവുമുണ്ടാകും. ശരാശരി 2500ഓളം യാത്രക്കാര്‍ക്ക് ദിവസവും യാത്ര ചെയ്യാനാവും.

കുവൈത്ത് എയര്‍ലൈനുകള്‍ വഴി 1250ഓളം പേരും അത്ര തന്നെ പേര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ വഴിയും ദിവസേന മടങ്ങുമെന്നാണ് കുവൈത്തിലെ അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമായും അമൃത്‍സര്‍, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കോഴിക്കോട്, ബംഗളുരു എന്നിവിടങ്ങളിലേക്കായിരിക്കും കൂടുതല്‍ വിമാനങ്ങള്‍.
 

click me!