സൗദിയിൽ ഗതാഗത നിയമലംഘനം കണ്ടെത്താൻ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം

By Web TeamFirst Published Dec 6, 2019, 9:46 AM IST
Highlights

അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം എന്നീ നിയമലംഘനങ്ങൾ സ്വയം കണ്ടെത്താൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനം റിയാദിൽ പരീക്ഷിച്ച ശേഷം രാജ്യവ്യാപകമാക്കുന്നതിന് ജിദ്ദയിൽ തുടക്കം കുറിച്ചു

റിയാദ്: ഗതാഗത നിയമലംഘനം കണ്ടെത്താൻ നിർമിത ബുദ്ധി സംവിധാനവുമായി സൗദി അറേബ്യ. നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന നൂതന സംവിധാനം റിയാദിൽ പരീക്ഷിച്ച് ഫലം പരിശോധിച്ച ശേഷം രാജ്യവ്യാപകമാക്കുന്നതിന്റെ തുടക്കമായി ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റിന് കീഴിൽ സജ്ജീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി. ട്രാഫിക് ഡയറക്ടറേറ്റിന് കീഴിലെ സിവിൽ വാഹനങ്ങളിലും റോഡുകളിലും ഈ ഉപകരണങ്ങൾ സ്ഥാപിക്കും. 

പ്രത്യേക കിരണങ്ങൾ ഉപയോഗിച്ച് വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താൻ ഈ ഉപകരണത്തിന് കഴിയും. മണിക്കൂറിൽ 30 മുതൽ 260 വരെ കിലോമീറ്റർ വേഗം നിരീക്ഷിക്കാൻ ഈ ഉപകരണങ്ങൾക്ക് കഴിയും. പരീക്ഷാടിസ്ഥാനത്തിൽ റിയാദ് ട്രാഫിക് ഡയറക്ടറേറ്റ് 150 കാറുകളിലാണ് ഇത് സ്ഥാപിച്ച് പരിശോധിച്ചത്. ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്യൽ പൂർണമായും നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) സംവിധാനത്തിലേക്ക് മാറ്റുന്നതാണ് പദ്ധതി. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം എന്നീ നിയമ ലംഘനങ്ങളും ഈ സംവിധാനം കണ്ടെത്തും. 

ആധുനിക സാങ്കേതിക വിദ്യകൾ ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി റോഡുകളിൽ ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് പുതിയ പദ്ധതിയിലൂടെ ട്രാഫിക് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നതെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു. ജിദ്ദയിലെ സജ്ജീകരണങ്ങൾ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ നിരീക്ഷിച്ചു. ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ സൽമാൻ അൽജുമൈഇ സാന്നിധ്യത്തിൽ പുതിയ ഉപകരണം സ്ഥാപിച്ച ട്രാഫിക് ഡയറക്ടറേറ്റിന് കീഴിലെ സിവിൽ വാഹനവും ഗവർണർ പരിശോധിച്ചു.

click me!