ഗള്‍ഫിലെ ദുരിതത്തില്‍ നിന്നും മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി; ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ഫലംകണ്ടു

By Web TeamFirst Published Oct 19, 2019, 6:53 AM IST
Highlights

ചെക്ക് കേസില്‍ റാസല്‍ഖൈ സ്വദേശി നല്‍കിയ പരാതിയില്‍ അഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞെങ്കിലും യാത്രാവിലക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ മൂസക്കുട്ടി ഗള്‍ഫില്‍ കുടുങ്ങിയത് 15 വര്‍ഷം. 

ദുബായി: ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ഫലംകണ്ടു. യാത്രാവിലക്കിനെ തുടര്‍ന്ന് 15 വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ പട്ടാമ്പി സ്വദേശി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി. വ്യവസായി എം.എ. യൂസഫലിയാണ് സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് മൂസക്കുട്ടിയുടെ മോചനം സാധ്യമാക്കിയത്.

ചെക്ക് കേസില്‍ റാസല്‍ഖൈ സ്വദേശി നല്‍കിയ പരാതിയില്‍ അഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞെങ്കിലും യാത്രാവിലക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ മൂസക്കുട്ടി ഗള്‍ഫില്‍ കുടുങ്ങിയത് 15 വര്‍ഷം. മൂന്നുകോടിരൂപ നല്‍കാതെ കേസ് പിന്‍വലിക്കില്ലെന്ന നിലപാടില്‍ പരാതിക്കാരന്‍ ഉറച്ചു നിന്നതോടെ ജീവിതം അവസാനിച്ചെന്നു കരുതിയ പട്ടാമ്പിക്കാരനെ കുറിച്ച് സെപ്റ്റംബര്‍ 30നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത്. 

വാര്‍ത്ത കണ്ട വ്യവസായി എംഎ യൂസഫലി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസ്മിയുമായി സംസാരിച്ചാണ് മോചനം സാധ്യമാക്കിയത്. 28 കേസുകളിലായുണ്ടായ 80ലക്ഷം രൂപ പിഴ തുകയും യൂസഫലി കോടതിയില്‍ കെട്ടി. അങ്ങനെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച പട്ടാമ്പിക്കാരനിത് രണ്ടാം ജന്മം.

നേരത്തേ നിരവധി മലയാളി സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും കേസില്‍ ഇടപെട്ടെങ്കിലും കാശ് തന്നില്ലെങ്കില്‍ മൂസ ഗള്‍ഫില്‍ കിടന്ന് മരിക്കട്ടെയെന്ന നിലപാടിലായിരുന്നു പരാതിക്കാരന്‍. യൂസഫലിയും സംഘവും അബുദാബി വിമാനത്താവളത്തിലെത്തി മൂസക്കുട്ടിയെ നാട്ടിലേക്ക് യാത്രയാക്കി.

click me!