അന്തര്‍ധാരകള്‍ തിരിച്ചറിഞ്ഞില്ല, മാനേജര്‍മാര്‍ ചതിച്ചു; തകര്‍ച്ചയെക്കുറിച്ച് അറ്റ്‍ലസ് രാമചന്ദ്രന്‍ പറഞ്ഞത്...

By Web TeamFirst Published Oct 3, 2022, 11:16 AM IST
Highlights

അറ്റ്‍ലസ് വീണ്ടും പ്രവര്‍ത്തനം തുടങ്ങി, ഒന്നു നിവര്‍ന്നു നിന്നിട്ട് എല്ലാം വെളിപ്പെടുത്താമെന്നായിരുന്നു മറുപടി. ഒപ്പം താന്‍ ജയിലിലായപ്പോള്‍ ചതിച്ച മാനേജര്‍മാരെക്കുറിച്ചും അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തില്‍ അദ്ദേഹം സംസാരിച്ചു.

ദുബൈ: ഗള്‍ഫ് യുദ്ധകാലത്ത് വലിയൊരു തിരിച്ചടി നേരിട്ട് കൈയിലുള്ളതെല്ലാം നഷ്ടമായപ്പോഴായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍ കുവൈത്തില്‍ നിന്ന് യുഎഇയിലേക്ക് ചുവടുമാറിയത്. ദുബൈയില്‍ തന്റെ സാമ്രാജ്യം പൂജ്യത്തില്‍ നിന്ന് പടുത്തുയര്‍ത്തിയ അദ്ദേഹത്തിന്റെ ജീവിതത്തിലെ രണ്ടാമത്തെ പതനം പിന്നീട് 2015ലായിരുന്നു. ബാങ്ക് വായ്‍പകളുടെ പേരിലുണ്ടായ കേസുകള്‍ക്കും അതിനെ തുടര്‍ന്നുള്ള ജയില്‍ ശിക്ഷയ്ക്കും ശേഷം പുറത്തിറങ്ങിയ അദ്ദേഹം അറ്റ്ലസ് ജ്വല്ലറിയുടെ ഒരു ഷോറൂമെങ്കിലും വീണ്ടും തുറക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിയോഗം സംഭവിച്ചത്.

യുഎഇയിലെ കേസിനെയും അതിനെ തുടര്‍ന്നുള്ള ബിസിനസ് തകര്‍ച്ചയെയും കുറിച്ച് അദ്ദേഹം പലതവണ അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. ബിസിനസ് രംഗത്തെ അന്തര്‍ധാരകള്‍ തനിക്ക് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പതനത്തിന് കാരണമെന്ന് വിശ്വസിച്ചപ്പോള്‍ തന്നെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെയാണെന്ന കാര്യത്തില്‍ മൗനം പാലിച്ചു. അറ്റ്‍ലസ് വീണ്ടും പ്രവര്‍ത്തനം തുടങ്ങി, ഒന്നു നിവര്‍ന്നു നിന്നിട്ട് എല്ലാം വെളിപ്പെടുത്താമെന്നായിരുന്നു മറുപടി. ഒപ്പം താന്‍ ജയിലിലായപ്പോള്‍ ചതിച്ച മാനേജര്‍മാരെക്കുറിച്ചും അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തില്‍ അദ്ദേഹം സംസാരിച്ചു.

Read also: ജയിൽ മോചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കി അറ്റ്‍ലസ് രാമചന്ദ്രന്‍റെ മരണം

ബാങ്ക് വായ്‍പയുടെ സഹായത്തോടെയാണ് ബിസിനസുകള്‍ സാധാരണയായി മുന്നോട്ട് പോകുന്നത്. അറ്റ്ലസിന് ബാങ്കുകള്‍ സ്വര്‍ണം നല്‍കുകയും അത് ആഭരണമാക്കി മാറ്റി ഷോറൂമുകളിലൂടെ വില്‍പന നടത്തുകയുമായിരുന്നു ചെയ്‍തിരുന്നത്. യുഎഇയിലെ ബാങ്കില്‍ സെക്യൂരിറ്റിയായി നല്‍കിയിരുന്ന ചെക്ക് ഉപയോഗിച്ച് ബാങ്ക് പണം ആവശ്യപ്പെടുകയും അത് നല്‍കാന്‍ സാധിക്കാതെ വന്നപ്പോള്‍ നിയമനടപടികളിലേക്ക് കടക്കുകയുമായിരുന്നു. എല്ലാ പണവും ബാങ്ക് ഒരുമിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടാതെന്ന് രാമചന്ദ്രന്‍ പറഞ്ഞിരുന്നു. അതിന് പിന്നില്‍ ആരുടെയൊക്കെയോ ഇടപെടലുണ്ടെന്നും അദ്ദേഹം സംശയിച്ചു. ചെക്ക് മടങ്ങിയപ്പോള്‍ യുഎഇയിലെ അന്നത്തെ നിയമപ്രകാരം ജയിലിലായി. 

അപ്പീല്‍ കോടതിയില്‍ നിന്ന് അനുകൂല വിധി വന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങയപ്പോഴേക്കും ഏതാണ്ട് മൂന്ന് വര്‍ഷം കൊണ്ട് എല്ലാം നഷ്ടമായി. ആഭരണ വ്യാപാര രംഗത്തെ ആസ്തികളായിരുന്ന സ്വര്‍ണവും ഡയമണ്ടും ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ജയിലില്‍ പോയ ഉടമ, അടുത്തൊന്നും തിരികെ വരില്ലെന്ന് മനസിലായപ്പോള്‍ മാനേജര്‍മാര്‍ തോന്നിയ പോലെ പ്രവര്‍ത്തിച്ചു. വലിയ വാടക കൊടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഷോറൂമുകള്‍ കച്ചവടമില്ലാതായപ്പോള്‍ പൂട്ടേണ്ടി വന്നു. ഏറ്റവും സുപ്രധാന ചുമതല വഹിച്ചിരുന്ന ഒരു മാനേജര്‍ തീര്‍ത്ഥാടനത്തിന് നാട്ടില്‍ പോവാന്‍ തന്റെ ഭാര്യയോട് ഒരാഴ്ചത്തെ അവധി ചോദിച്ച് പോവുകയായിരുന്നുവെന്നും പിന്നീട് അയാളെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ലെന്നും രാമചന്ദ്രന്‍ പറഞ്ഞിരുന്നു. 

Read also: ഒരു ഷോറൂമെങ്കിലും വീണ്ടും തുറക്കണമെന്ന സ്വപ്നം ബാക്കിയാക്കി അറ്റ്‍ലസ് രാമചന്ദ്രന്‍ മടങ്ങുമ്പോള്‍

യുഎഇയിലെ ഇരുപതോളം ജ്വല്ലറികള്‍ ഉള്‍പ്പെടെ 50 ജ്വല്ലറികളുണ്ടായിരുന്ന അറ്റ്ലസ് ഗ്രൂപ്പിന് പക്ഷേ, രാമചന്ദ്രന്‍ ജയിലില്‍ നിന്ന് വന്നപ്പോള്‍ ഒന്നു പോലും ബാക്കിയുണ്ടായിരുന്നില്ല. എന്നാലും ജീവനക്കാരുടെ ബാധ്യതകളെല്ലാം കൊടുത്തു തീര്‍ക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബാക്കിയുണ്ടായിരുന്ന കുറച്ച് ഡയമണ്ടുകള്‍ ഒരു വ്യാപാരിക്ക് വിറ്റാണ് ഇതിനുള്ള പണം സമാഹരിച്ചത്. ബിസിനസുമായി ഒരു ബന്ധവും ഇല്ലാതിരുന്ന, ഒരു ചെക്കില്‍ ഒപ്പിടാന്‍ പോലും പരിചയമില്ലാതിരുന്ന ഭാര്യ മാത്രമാണ് ഈ സമയത്തെല്ലാം തനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രന്‍ സ്വര്‍ണ വ്യാപാരത്തിന്റെ സാധ്യതകള്‍ കണ്ടാണ് 1980ല്‍ ആ രംഗത്തേക്ക് തിരിഞ്ഞത്. കുവൈത്തിലെ ജഹ്റയിലായിരുന്നു ആദ്യ ഷോറൂം. ഗള്‍ഫ് യുദ്ധമായിരുന്നു ആദ്യ പ്രതിസന്ധി. യുദ്ധം തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് നാട്ടിലേക്ക് പോയിരുന്നതിനാല്‍ അഭയാര്‍ത്ഥി ക്യാമ്പിലായില്ല. പക്ഷേ എല്ലാം നഷ്ടമായി. ആ സമയത്ത് ദുബൈയില്‍ ഒരു ഷോറൂമുണ്ടായിരുന്നു. കാര്യമായ ബിസിനസ് ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് യുദ്ധാനന്തരം ആസ്ഥാനം ദുബൈയിലേക്ക് മാറ്റി. ഗള്‍ഫ് യുദ്ധം കഴിഞ്ഞപ്പോള്‍ ദുബൈയിലെ ഒരു ഷോറൂമെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കില്‍, യുഎഇയില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കൈയില്‍ ഒന്നുമില്ലായിരുന്നു.

നാട്ടിലെ ബാങ്കുകളില്‍ വായ്‍പയ്ക്ക് ഈടുവെച്ചിരുന്ന വസ്‍തുവകകള്‍ രാമചന്ദ്രന്‍ ജയിലിലായിരുന്ന സമയത്ത് ബാങ്കുകള്‍ ഏറ്റെടുത്തു. കണ്ണായ സ്ഥലങ്ങളിലുള്ള വലിയ മൂല്യമുള്ള വസ്‍തുക്കളൊക്കെ നിസാരമായ വിലയ്ക്ക് ബാങ്കുകള്‍ വിറ്റ് സ്വന്തം നഷ്ടം നികത്തുകയും ചിലത് ബാങ്കുകള്‍ ഏറ്റെടുക്കുകയും ചെയ്‍തുവെന്നും അദ്ദേഹം പറഞ്ഞു. ഈ ബാങ്കുകളൊന്നും തന്നെ എന്തെങ്കിലും വിവരമറിയിക്കുകയോ താനുമായി ചര്‍ച്ച നടത്തുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വഞ്ചിച്ച ജീവനക്കാര്‍ക്കെതിരെ ജയിലില്‍ നിന്നിറങ്ങിയ ശേഷം നിയമനടപടി സ്വീകരിക്കാനും സാധിച്ചില്ല. എല്ലാ പാപഭാരവും ഒറ്റയ്ക്ക് ഏറ്റെടുത്തു.

ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം നിക്ഷേപകരെ ആരെയെങ്കിലും കണ്ടെത്തി അറ്റ്‍ലസ് ഗോള്‍ഡിന് പുനര്‍ജന്മം നല്‍കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. അതിലേക്ക് ഏറെ ദൂരം മുന്നോട്ട് പോവുകയും ചെയ്‍തു. ആരൊക്കെയാണ് തന്റെ പിന്നാലെയുണ്ടായിരുന്നതെന്ന് തിരിച്ചറിയാല്‍ സാധിച്ചില്ലെന്ന് തുറന്നുപറഞ്ഞ അദ്ദേഹം അറ്റ്‍ലസിന്റെ ആദ്യ ഷോറൂം തുറന്ന ശേഷം അക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താമെന്നും പലപ്പോഴും പറഞ്ഞിരുന്നു.

click me!