ആത്മകഥ എഴുതിക്കൂടേയെന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ ഒരു ഷോറൂമെങ്കിലും തുറന്ന ശേഷം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദുബൈ: അക്ഷരാര്‍ത്ഥത്തില്‍ തന്നെ സംഭവബഹുലമായ ജീവിതമായിരുന്നു അറ്റ്‍ലസ് രാമചന്ദ്രന്‍ എന്ന എം.എം രാമചന്ദ്രന്റേത്. ഒരു കാലത്ത് യുഎഇയിലെ ഏറ്റവും വലിയ സ്വര്‍ണ വ്യാപാരികളില്‍ ഒരാളായിരുന്നു അദ്ദേഹം. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ 19 സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമായി 47 ജ്വല്ലറികളുണ്ടായിരുന്ന അറ്റ്‍ലസ് രാമചന്ദ്രന്‍ തന്റെ ഒരു ഷോറൂമെങ്കിലും വീണ്ടും തുറക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് മടങ്ങിയത്.

കുവൈത്തിലാണ് അറ്റ്‍ലസ് രാമചന്ദ്രന്‍ സ്വര്‍ണവ്യാപാരം തുടങ്ങിയത്. അവിടെ വളരെ പെട്ടെന്ന് തന്നെ അറ്റ്ലസ് സ്വന്തം മേൽവിലാസം ഉണ്ടാക്കിയെങ്കിലും ഗൾഫ് യുദ്ധം അറ്റ്ലസ് രാമചന്ദ്രന്റെ കുവൈത്തിലെ ബിസിനസ് പാടെ ഇല്ലാതാക്കി. എന്നാല്‍ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്ന അദ്ദേഹം യുഎഇയിൽ എത്തി അവിടെ എല്ലാം ആദ്യം മുതല്‍ തുടങ്ങി. പിന്നീടാണ് അവിടെയും പ്രതിസന്ധികളുണ്ടായത്. കേസും ബാധ്യതകളും കാരണം അടച്ചുപൂട്ടേണ്ടി വന്ന അറ്റ്‍ലസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാനും ബിസിനസ് രംഗത്ത് വീണ്ടും സജീവമാവാനുമുള്ള ശ്രമം രാമചന്ദ്രന്‍ തുടങ്ങിയിരുന്നു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ചിട്ടേ ഭൂമിയില്‍ നിന്ന് യാത്രയാകൂ എന്ന് ഒരു മാസം മുമ്പും അദ്ദേഹം പറഞ്ഞിരുന്നതായി അടുപ്പമുണ്ടായിരുന്ന ചിലര്‍ അനുസ്‍മരിച്ചു. 

Read also: അറ്റ്‍ലസ് രാമചന്ദ്രൻ അന്തരിച്ചു

സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ കേസുകളില്‍ 2015ല്‍ ജയിലിലായ അദ്ദേഹം പുറത്തിറങ്ങിയത് 2018ലാണ്. വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്‍പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതോടെയാണ് ബാങ്കുകള്‍ കോടതിയെ സമീപിച്ചത്. കേസില്‍ കോടതി അദ്ദേഹത്തിന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ജയില്‍ മോചിതനായെങ്കിലും വലിയ സാമ്പത്തിക തീര്‍ക്കാതെ അറ്റ്‍ലസ് രാമചന്ദ്രന് യുഎഇയില്‍ നിന്ന് മടങ്ങാന്‍ സാധിക്കുമായിരുന്നില്ല. 

കേസിന്റെ നടപടിക്രമങ്ങളെല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹം ബാക്കിവെച്ചു കൂടിയാണ് അറ്റ്ലസ് രാമചന്ദ്രന്‍ മടങ്ങുന്നത്. പണം നല്‍കാമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ഭാഗമായാണ് ജയില്‍ മോചിതനായത്. ബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമത്തിലുമായിരുന്നു അദ്ദേഹം. ഇതിനായുള്ള ചര്‍ച്ചകളും പല ദിശകളില്‍ നടന്നുവന്നു. ആത്മകഥ എഴുതിക്കൂടേയെന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ ഒരു ഷോറൂമെങ്കിലും തുറന്ന ശേഷം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശനിയാഴ്ച ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ദുബൈ ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ മരണം സംഭവിച്ചു. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. സഹോദരൻ രാമപ്രസാദും മരുമകൻ അരുൺ നായരും ആശുപത്രിയിലെത്തിയിട്ടുണ്ട്.

Read also:  ജയിൽ മോചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കി അറ്റ്‍ലസ് രാമചന്ദ്രന്‍റെ മരണം