'മാലാഖ'മാരുടെ കരുതലില്‍ വളര്‍ന്നു, നാട്ടില്‍ കുടുങ്ങിയ അമ്മയെത്തുന്നതും കാത്ത് കണ്‍മണിക്ക് ഒന്നാം പിറന്നാള്‍

By Web TeamFirst Published Jul 30, 2020, 3:11 PM IST
Highlights

600 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംരക്ഷണത്തില്‍ എട്ട് കിലോഗ്രാമിലെത്തി. അവളുടെ കുഞ്ഞുപുഞ്ചിരിയും കളിചിരികളും ആദ്യമറിഞ്ഞ ആശുപത്രി ജീവനക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ട മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. 

അബുദാബി: കരുതലിന്റെ കരങ്ങളിലേക്കായിരുന്നു കുഞ്ഞു സെയ്‌ന പിറന്നുവീണത്. എന്നാല്‍ അമ്മയുടെ ചൂടേറ്റ് വളരാന്‍ അവള്‍ക്കായില്ല. വിദേശികളായ മാതാപിതാക്കള്‍ക്ക് തിരികിയെത്താനാകാതെ വന്നതോടെ കുഞ്ഞു മകള്‍ അമ്മയെ പിരിഞ്ഞ് ആശുപത്രിയില്‍ ജീവിക്കേണ്ടി വന്നത് ഒരു വര്‍ഷത്തോളം. സ്‌നഹവും വാത്സല്യവും നല്‍കി ഒരു കൂട്ടം ആശുപത്രി ജീവനക്കാര്‍ അവള്‍ക്ക് അമ്മത്തണലേകി. തങ്ങളുടെ കണ്‍മണിയുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ആശുപത്രി.  

2019 ഓഗസ്റ്റ് എട്ടിനാണ് കുവൈത്ത് സ്വദേശിയായ സ്ത്രീ അബുദാബി കോര്‍ണിഷ് ഹോസ്പിറ്റലില്‍ മാസം തികയാത്ത കുഞ്ഞ് സെയ്‌നയ്ക്ക് ജന്മം നല്‍കിയത്. ഇരട്ടക്കുട്ടികളിലൊരാളായ കുഞ്ഞിന് ഭാരവും നന്നേ കുറവായിരുന്നു. ഇതോടെ വിദഗ്ധ പരിചരണത്തിനായി കുഞ്ഞിനെ നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍(എന്‍ഐസിയു)വിലേക്ക് മാറ്റി.

ഫെബ്രുവരി എട്ടു മുതല്‍ സെയ്‌ന എന്‍ഐസിയു ജീവനക്കാരുടെ സ്‌നേഹത്തിലും കരുതലിലുമാണ് വളര്‍ന്നത്. കുട്ടികളില്‍ ഒരാളെ പരിചരിക്കുന്നതിനായി സെയ്‌നയുടെ മാതാപിതാക്കള്‍ക്ക് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തപ്പോള്‍ കൊവിഡ് പ്രതിസന്ധിയില്‍ സെയ്‌നയുടെ മാതാപിതാക്കള്‍ക്ക് തിരികെ അബുദാബിയിലേക്കെത്താന്‍ കഴിഞ്ഞില്ല. ഇതോടെ സെയ്‌നയുടെ പരിചരണം പൂര്‍ണമായും ആശുപത്രി ജീവനക്കാരുടെ കരങ്ങളിലായി. 600 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംരക്ഷണത്തില്‍ എട്ട് കിലോഗ്രാമിലെത്തി. അവളുടെ കുഞ്ഞുപുഞ്ചിരിയും കളിചിരികളും ആദ്യമറിഞ്ഞ ആശുപത്രി ജീവനക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ട മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. 

ഒന്നാം ജന്മദിനത്തില്‍ മകളെ തിരികെ കുവൈത്തിലെ വീട്ടിലേക്ക് കൊണ്ടുപോകാനും ആഘോഷം നടത്താനും കഴിയുമെന്ന പ്രതീക്ഷയിലാണ് സെയ്‌നയുടെ മാതാപിതാക്കള്‍. എന്‍ഐസിയു യൂണിറ്റിലൊരുക്കിയ വെര്‍ച്വല്‍ വിസിറ്റ് സംവിധാനത്തിലൂടെയാണ് ഇക്കാലമത്രയും സെയ്‌നയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ കണ്ടിരുന്നത്.

തന്‍റെ മകളെ ഏറ്റവും കരുതലോടെ വളര്‍ത്തിയ കോര്‍ണിഷ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും മനുഷ്യത്വപരമായ സമീപനം പുലര്‍ത്തിയതിന് യുഎഇ രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവര്‍ക്കും അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായി സെയ്നയുടെ മാതാവ് പറഞ്ഞു.

സങ്കീര്‍ണത നിറഞ്ഞ പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങളെയും സുരക്ഷിതമായി ജീവിതത്തിലേക്ക് കൊണ്ടുവന്ന കോര്‍ണിഷ് ഹോസ്പിറ്റലിനും ഇത് അഭിമാന നിമിഷമാണ്.

click me!