സ്‍പീഡ് ബോട്ട് ഓടിക്കൊണ്ടിരിക്കെ ഡ്രൈവര്‍ കടലില്‍ വീണു; ബോട്ട് തടഞ്ഞ് അപകടം ഒഴിവാക്കി കോസ്റ്റ് ഗാര്‍ഡ്

By Web TeamFirst Published Oct 2, 2022, 3:14 PM IST
Highlights

അപകടത്തില്‍പെട്ട ബോട്ടില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ശക്തമായ തിരമാലയില്‍പെട്ട് ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതോടെ ഡ്രൈവര്‍ കടലില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

മനാമ: സ്‍പീഡ് ബോട്ടില്‍ നിന്ന് നിയന്ത്രണം വിട്ട് കടലില്‍ വീണ ഡ്രൈവറെ മറ്റൊരു ബോട്ടിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. നിയന്ത്രിക്കാന്‍ ആരുമില്ലാതെ അമിത വേഗതയില്‍ പാഞ്ഞ ബോട്ടിനെ ഒടുവില്‍ കോസ്റ്റ് ഗാര്‍ഡ് സംഘം തടഞ്ഞുനിര്‍ത്തി അപകടം ഒഴിവാക്കി. ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍ പോര്‍ട്ടിലായിരുന്നു സംഭവം.

അപകടത്തില്‍പെട്ട ബോട്ടില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ശക്തമായ തിരമാലയില്‍പെട്ട് ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതോടെ ഡ്രൈവര്‍ കടലില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തു കൂടി സഞ്ചരിക്കുകയായിരുന്ന മറ്റൊരു ബോട്ടിലെ ജീവനക്കാര്‍ ഡ്രൈവറെ രക്ഷിച്ചു. അതേസമയം ഉയര്‍ന്ന വേഗതയില്‍ പാഞ്ഞുകൊണ്ടിരുന്ന ബോട്ടിനെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് പട്രോള്‍ സംഘം സ്ഥലത്തെത്തുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരുടെ പരിശ്രമ ഫലമായി ബോട്ട് തടഞ്ഞുനിര്‍ത്തുകയും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്‍തു. കടലില്‍ വീണ ഡ്രൈവറുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Read also: തൊഴില്‍ സ്ഥലത്തെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

click me!