രാജ്യത്തെ കൊവിഡ് വാക്സിന്‍ പരീക്ഷണം വിജയിക്കും; പ്രത്യാശ പ്രകടിപ്പിച്ച് ബഹ്റൈന്‍ ആരോഗ്യ വിദഗ്ധര്‍

By Web TeamFirst Published Aug 20, 2020, 3:04 PM IST
Highlights

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം അര മണിക്കൂര്‍ ട്രയല്‍ കേന്ദ്രത്തില്‍ തന്നെ നിരീക്ഷണത്തിനായി തുടരണം. പിന്നീട് മൂന്നാഴ്ചകള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാനെത്തണം.

മനാമ: കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ട്രയലുകള്‍ ബ്ഹറൈനില്‍ അതിവേഗം പുരോഗമിക്കുകയാണെന്നും വാക്‌സിന്‍ വിജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും മുതിര്‍ന്ന ആരോഗ്യ വിദഗ്ധന്‍. ലോക ജനതയ്ക്കായി കൊവിഡ് വാക്‌സിന്‍ പ്രഖ്യാപിക്കുന്ന രാജ്യങ്ങളുടെ ഗണത്തില്‍ ഏറെ വൈകാതെ തന്നെ ബഹ്‌റൈനും ഭാഗമാകുമെന്ന് പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. നജാത് അബു അല്‍ ഫതേഹിനെ ഉദ്ധരിച്ച് 'ജിഡിഎന്‍ ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു.

മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ തടസ്സങ്ങളില്ലാതെ മുമ്പോട്ട് പോകുകയാണെന്നും നിരവധിപ്പേര്‍ വാക്‌സിന്‍ പരീക്ഷണത്തിനായി സന്നദ്ധമായെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ ആരംഭിച്ച് 48 മണിക്കൂറിനുള്ളില്‍ ട്രയലില്‍ പങ്കെടുക്കാന്‍ സന്നദ്ധരായി 2,220 പേര്‍ രജിസ്റ്റര്‍ ചെയ്തെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് 'ജിഡിഎന്‍ ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിനോഫാമും അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയായ ഗ്രൂപ്പ് 42ഉം സഹകരിച്ചാണ് വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്നത്.

വാക്‌സിന്‍ പരീക്ഷണത്തിനായി വിവിധ രാജ്യക്കാരായ നിരവധി ആളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഏറെ സന്തോഷകരമാണെന്ന് ഡോ അല്‍ ഫതേഹ് പറഞ്ഞു. വാളണ്ടിയര്‍ ഫോര്‍ ഹ്യുമാനിറ്റി എന്ന മുദ്രാവാക്യത്തോടെയാണ് ട്രയലിനായുള്ള പ്രചാരണങ്ങള്‍ നടത്തുന്നത്. കൊവിഡ് ബാധിച്ചിട്ടില്ലാത്ത 18 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകള്‍ക്ക് ട്രയലില്‍ പങ്കെടുക്കാം. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രത്യേക കേന്ദ്രത്തിലാണ് ട്രയല്‍ നടക്കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള തീയതികളില്‍ കേന്ദ്രത്തില്‍ ഹാജരാകണം. അപേക്ഷകരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി ഡോക്ടറുടെ സേവനവും ഒരുക്കിയിട്ടുണ്ട്. 

ആരോഗ്യ പരിശോധനയില്‍ യോഗ്യത നേടിയ അപേക്ഷകര്‍ സമ്മതപത്രം ഒപ്പിടണം. പിന്നീട് ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. ഇതിന് ശേഷമാവും വാക്‌സിന്‍ നല്‍കുക. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം അര മണിക്കൂര്‍ ട്രയല്‍ കേന്ദ്രത്തില്‍ തന്നെ നിരീക്ഷണത്തിനായി തുടരണം. പിന്നീട് മൂന്നാഴ്ചകള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാനെത്തണം. വാക്‌സിന്‍ സ്വീകരിച്ചവരുടെ ആരോഗ്യ സ്ഥിതി അറിയുന്നതിനായി ഒരു സംഘം ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ കൃത്യമായ ഇടവേളകളില്‍ ഫോണിലൂടെ ബന്ധപ്പെടും. എന്നാല്‍ ഇതുവരെ എത്ര പേര്‍ വാക്‌സിന്‍ ട്രയലിന് സമ്മതം നല്‍കിയിട്ടുണ്ടെന്ന കൃത്യമായ വിവരം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 


 

click me!