ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനം പുറപ്പെടാന്‍ വൈകും

By K T NoushadFirst Published May 11, 2020, 6:58 PM IST
Highlights

എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ വിമാനത്തിനായി കാത്തിരിക്കുകയാണ്. കോഴിക്കോട്ടേക്കുളള വിമാനത്തില്‍ 180 യാത്രക്കാരാണുളളത്. നാല് കുഞ്ഞുങ്ങളുമുണ്ട്. 

മനാമ: പ്രവാസികളുമായി ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകും. പ്രാദേശിക സമയം വൈകീട്ട് 4.30ന്  പുറപ്പെടേണ്ട വിമാനം 5.30ന് ശേഷമെ പറന്നുയരുകയുളളു. തിരുവനന്തപുരത്തു നിന്ന് ബഹ്‌റൈനിലേക്ക് വിമാനം പുറപ്പെടാന്‍ വൈകിയതാണ് കാരണം. 

ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം 4.30നാണ് ബഹ്‌റൈനിലെത്തുക. 
എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ വിമാനത്തിനായി കാത്തിരിക്കുകയാണ്. കോഴിക്കോട്ടേക്കുളള വിമാനത്തില്‍ 180 യാത്രക്കാരാണുളളത്. നാല് കുഞ്ഞുങ്ങളുമുണ്ട്. യാത്രക്കാരില്‍ 30 ശതമാനത്തോളം സ്ത്രീകളും 15 ശതമാനം കുട്ടികളുമാണ്. കോവിഡ് ടെസ്റ്റ് ചെയ്യാതെയാണ് ഇത്തവണയും ബഹ്‌റൈനില്‍ നിന്നുളള പ്രവാസികള്‍ വിമാനത്തില്‍ വരുന്നത്. വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുളള തെര്‍മല്‍ ഇമേജ് ക്യാമറ വഴി ശരീരോഷ്മാവ് മാത്രമാണ് പരിശോധിച്ചത്. കൊച്ചിയിലേക്ക് പറന്ന ആദ്യ വിമാനത്തിലുളളവരുടെ ശരീരോഷ്മാവ് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് പരിശോധിച്ചിരുന്നത്. 


വിമാനത്തില്‍ പുറകിലെ രണ്ട് നിരയൊഴിച്ച് ബാക്കിയെല്ലാ സീറ്റിലും യാത്രക്കാരുണ്ട്. ആരെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ മാറ്റിയിരുത്താനാണ് പുറകിലെ ആറ് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നത്. എംബസി തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്താതിനാല്‍ ആശങ്കയിലായിരുന്ന രോഗിയായ മലപ്പുറം പുത്തനത്താണി അബ്ദുള്‍ ഗഫൂറിന് വിമാനത്തില്‍ കയറാനായി. നട്ടെല്ലിന് ഗുരുതരമായ രോഗം ബാധിച്ച ഇദ്ദേഹത്തെ സ്ഥലം എം.പിയായ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ലിസ്റ്റിലുള്‍പ്പെടുത്തിയത്. ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വീസ തീര്‍ന്നവര്‍ എന്നിവര്‍ മാത്രമാണ് വിമാനത്തിലുളളതെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

click me!