ജോലിക്കിടെ മൂന്ന് പ്രവാസികള്‍ മരിച്ച സംഭവം; കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

By Web TeamFirst Published Dec 5, 2020, 11:11 PM IST
Highlights

നിര്‍മാണ ചുമതലയുണ്ടായിരുന്ന കമ്പനിയിലെ മാനേജിങ് ഡയറക്ടര്‍, പ്രൊജക്ട് മാനേജര്‍, സേഫ്റ്റി ഓഫീസര്‍ എന്നിവരോടാണ് വിചാരണക്ക് ഹാജരാവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

മനാമ: ബഹ്റൈനില്‍ ഡ്രെനിനേജ് അറ്റകുറ്റപ്പണികള്‍ക്കിടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ച സംഭവത്തില്‍ നടപടി. പ്രമുഖ നിര്‍മാണ കമ്പനിയിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‍ത് വിചാരണക്ക് ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചു. സുരക്ഷാ വീഴ്‍ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നിര്‍മാണ ചുമതലയുണ്ടായിരുന്ന കമ്പനിയിലെ മാനേജിങ് ഡയറക്ടര്‍, പ്രൊജക്ട് മാനേജര്‍, സേഫ്റ്റി ഓഫീസര്‍ എന്നിവരോടാണ് വിചാരണക്ക് ഹാജരാവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കമ്പനി ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്‍ച വരുത്തിയെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തിയിട്ടുണ്ട്. സൈറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നടപടികളും പാലിച്ചിരുന്നില്ല.

കഴിഞ്ഞ മാസം 16നായിരുന്നു അപകടം. ദേബാശിഷ് സാഹു, രാകേഷ് കുമാര്‍ യാദവ്, മുഹമ്മദ് തൌസീഫ് ഖാന്‍ എന്നിവരായിരുന്നു മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ഇപ്പോഴും ചികിത്സയിലാണ്. അതേസമയം വര്‍ക്ക് സ്റ്റേഷനില്‍ നിന്ന് 250 മീറ്ററോളം അകലെയുള്ള വാല്‍വ് റൂമില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചിരുന്നത്. ജോലിയുടെ ഭാഗമല്ലാതിരുന്ന വാല്‍വ് ചേംബര്‍ തുറന്ന് ഇവര്‍ എന്തിനാണ് മുറിയിലേക്ക് പോയതെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്.

click me!