
മനാമ: ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. 177 പ്രവാസികളാണ് നാട്ടിലെത്തിയത്. അഞ്ച് ശിശുക്കളടക്കമുള്ള സംഘമാണ് എത്തിയത്. 11. 25 നാണ് വിമാനം കൊച്ചിയിലിറങ്ങിയത്.
നേരത്തെ ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ശരീര താപം പരിശോധിച്ച ശേഷമാണ് വിമാനത്താവളം അധികൃതര്‍ യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിച്ചത്. വൈറസ് ബാധയുണ്ടോയെന്നറിയാനുളള പി.സി.ആര്‍ ടെസ്റ്റ് നടത്തിയിട്ടില്ല.
എംബസി തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റിലുള്‍പ്പെട്ടവരാണ് ആദ്യ വിമാനത്തില്‍ നാട്ടിലെത്തിയത്. ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസ തീര്‍ന്നവര്‍ തുടങ്ങിയവരാണ് മുന്‍ഗണന പ്രകാരം ആദ്യം നാടിന്‍റെ കരുതലിലേക്ക് മടങ്ങിയെത്തിയത്. യാത്രക്കാരില്‍ 40 ശതമാനത്തോളം സ്ത്രീകളാണ്. ദമ്മാമില്‍ മരണപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടു വരുന്നതിന് മുമ്പ് നാട്ടിലെത്തണമെന്നാഗ്രഹവുമായി പത്തനം തിട്ട സ്വദേശി ലത തോമസടക്കമുളളവരാണ് നാട്ടിലെത്തിയത്.
ജോലി രാജിവെച്ച് നാട്ടിലേക്ക് പോകാനിരിക്കവെ വിമാന സര്‍വീസ് റദ്ദാക്കിയതിനാല്‍ കുടുങ്ങിപ്പോയ ചങ്ങനാശ്ശേരി സ്വദേശി നെടുമുടി സുജോ വര്‍ഗീസും കുടുംബവും ഈ വിമാനത്തില്‍ നാട്ടിലെത്തുന്നത് ആശ്വാസമാണെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. നാട്ടിലേക്ക് തിരിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹ്രസ്വ സന്ദര്‍ശനത്തിന് ബഹ്‌റൈനിലെത്തിയ വടകര കോട്ടപ്പളളി പ്രമോദും വ്യക്തമാക്കിയിരുന്നു.
വിമാനത്തിലെ പുറകിലുളള മൂന്ന് നിരയൊഴിച്ച് ബാക്കിയുളള സീറ്റുകളില്‍ യാത്രക്കാരുമായാണ് വിമാനം കൊച്ചിയിലെത്തിയത്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാറ്റിയിരുത്താനാണ് പിന്‍ഭാഗത്തെ ഒമ്പത് സീറ്റുകള്‍ ഒഴിച്ചിട്ടിരുന്നത്. ബഹ്‌റൈനില്‍ നിന്നുളള രണ്ടാമത്തെ വിമാനം തിങ്കളാഴ്ച കോഴിക്കോട്ടെത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ