മലയാളി സുഹൃത്തുക്കള്‍ക്ക് പുതുവര്‍ഷ സമ്മാനമായി അബുദാബിയില്‍ 28 കോടിയുടെ ലോട്ടറി

By Web TeamFirst Published Jan 4, 2019, 6:30 PM IST
Highlights

ശരതിന്റെ പേരിലാണ് ഇവര്‍ ടിക്കറ്റെടുത്തത്. ഒന്നാം സമ്മാനം ലഭിച്ചുവെന്ന് ഫോണ്‍ വഴി അറിയിപ്പ് ലഭിച്ചപ്പോള്‍ തട്ടിപ്പാണെന്ന് ഉറപ്പിച്ചിരുന്നു. പറഞ്ഞത് വിശ്വസിക്കാതെ ബിഗ് ടിക്കറ്റ് വെബ്സൈറ്റില്‍ പരിശോധിച്ചാണ് സമ്മാനമടിച്ച വിവരം ഉറപ്പിച്ചത്.

അബുദാബി: മലയാളികളായ സുഹൃത്തുക്കള്‍ ഒരുമിച്ചെടുത്ത ടിക്കറ്റിനാണ് ഇന്നലെ നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റിലെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ശരത് പുരുഷോത്തമന്‍, നെയ്യാറ്റിന്‍കര ഊരുട്ടമ്പലം സ്വദേശി പ്രശാന്തുമാണ് മെഗാ നറുക്കെടുപ്പില്‍ വിജയിച്ചത്. 1.5 കോടി യുഎഇ ദിര്‍ഹമാണ് (ഏകദേശം 28 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇരുവര്‍ക്കുമായി ലഭിക്കുന്നത്. ജബല്‍ അലി ഫ്രീസോണിലെ നാഫ്കോയിലാണ് ഇരുവരും ജോലി ചെയ്യുന്നത്.

ശരതിന്റെ പേരിലാണ് ഇവര്‍ ടിക്കറ്റെടുത്തത്. ഒന്നാം സമ്മാനം ലഭിച്ചുവെന്ന് ഫോണ്‍ വഴി അറിയിപ്പ് ലഭിച്ചപ്പോള്‍ തട്ടിപ്പാണെന്ന് ഉറപ്പിച്ചിരുന്നു. പറഞ്ഞത് വിശ്വസിക്കാതെ ബിഗ് ടിക്കറ്റ് വെബ്സൈറ്റില്‍ പരിശോധിച്ചാണ് സമ്മാനമടിച്ച വിവരം ഉറപ്പിച്ചത്. പത്ത് വര്‍ഷത്തിലധികമായി ഇരുവരും ഒരുമിച്ചാണ് ഗള്‍ഫില്‍. ഇതിനുമുന്‍പും പല സുഹൃത്തുക്കളുമായി ചേര്‍ന്നും ടിക്കറ്റുകളെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ശരതും പ്രശാന്തും ചേര്‍ന്ന് എടുത്ത മൂന്നാമത്തെ ടിക്കറ്റിലൂടെ മെഗാ ഭാഗ്യം ഇവരുവരെയും തേടിയെത്തി. 28 കോടിയിലേറെ വരുന്ന തുക ഇരുവരും തുല്യമായി വീതിച്ചെടുക്കും.

അമ്മയെ കാണണമെന്നാണ് ആദ്യം തോന്നിയതെന്ന് ശരത് പറയുന്നു. ഭാര്യ കാര്‍ത്തികയും ആറ് മാസം പ്രായമുള്ള മകള്‍ ആതിരയും നാട്ടില്‍ നാട്ടില്‍ കാത്തിരിക്കുകയാണ്. അതേസമയം പ്രശാന്തിന് പുതുവര്‍ഷം ഇരട്ടി സന്തോഷത്തിന്റേതാണ്. ഭാര്യയുടെ പ്രസവത്തിനായി നാട്ടില്‍ പോയി വന്നതിന്റെ പിറ്റേ ദിവസമെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.  മകള്‍ ശ്രീനിധി കൊണ്ടുവന്ന ഭാഗ്യമാണിതെന്നാണ് പ്രശാന്ത് പറയുന്നത്. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി ഇരുവരും വ്യാഴാഴ്ച നാട്ടിലേക്ക് തിരിക്കും. ഭാഗ്യം കൊണ്ടുവന്ന ശ്രീനിധിയുടെ 28 ചടങ്ങുകള്‍ വെള്ളിയാഴ്ചയാണ് നടക്കുന്നത്.

ഭാവി പരിപാടികള്‍ കുടുംബവുമായി ആലോചിച്ച് തീരുമാനിക്കാനാണ് ഇരുവരുടെയും പദ്ധതി. വീട് വെയ്ക്കണമെന്നാണ് പ്രശാന്തിന്റെ ആഗ്രഹം. ഇരുവരും ചേര്‍ന്നുതന്നെ ഇനിയും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹവും. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ആദ്യത്തെ 10 സമ്മാനങ്ങളില്‍ എട്ടെണ്ണവും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്. 

click me!