ബഹ്‌റൈൻ പ്രതിഭ യൂണിറ്റ്തല നാടക മത്‌സരം; 'സ്വത്വം' മികച്ച നാടകം, പ്രഥമ പ്രതിഭ നാടക അവാർഡ് ഇന്ന് പ്രഖ്യാപിക്കും

By K T NoushadFirst Published Nov 1, 2021, 10:48 AM IST
Highlights

നാടകപ്രവർത്തകരായ ഉദിനൂർ ബാലഗോപാലൻ, പ്രകാശൻ കരിവെള്ളൂർ, അനിൽ നടക്കാവ്, വിനോദ് ആലന്തട്ട എന്നിവരടങ്ങിയ ജൂറിയായിരുന്നു നാടകങ്ങൾ വിലയിരുത്തിയത്.

മനാമ: ബഹ്‌റൈൻ പ്രതിഭ (Prathibha Bahrain) പ്രഥമ  നാടക അവാർഡ് (Drama awards) പ്രഖ്യാപനത്തിന് മുന്നോടിയായി പ്രതിഭ നാടകവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂണിറ്റ്തല നാടക മത്സരത്തിൽ മികച്ച നാടകമായി പ്രതിഭ ഹിദ്ദ് യൂണിറ്റ് അവതരിപ്പിച്ച  'സ്വത്വം' തെരഞ്ഞെടുക്കപ്പെട്ടു. സൽമാനിയ യൂണിറ്റ് അവതരിപ്പിച്ച 'ജൂലിയസ് സീസർ ആക്റ്റ് (I V)' എന്ന നാടകത്തിന്റെ സംവിധായകനായ  മോഹൻരാജ് പി എൻ ആണ് മികച്ച സംവിധായകൻ.

മികച്ച നടനുള്ള ഒന്നാം സ്ഥാനം സെൻട്രൽ മാർക്കറ്റ് യൂണിറ്റിന്റെ 'മല്ലനും മാതേവനും' എന്ന നാടകത്തിലെ മാതേവനെ അവതരിപ്പിച്ച പ്രകാശൻ വി.പിയും, മികച്ച നടിക്കുള്ള ഒന്നാം സ്ഥാനം വെസ്റ്റ് റിഫ യൂണിറ്റ് അവതരിപ്പിച്ച 'അനുരാഗത്തിന്റെ ദിനങ്ങൾ' എന്ന നാടകത്തിലെ നാരായണിക്ക്  ജീവൻ നൽകിയ സ്വപ്‌ന രാജീവും സ്വന്തമാക്കി.

മികച്ച നാടകങ്ങൾക്കുള്ള  രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം  സെൻട്രൽ മാർക്കറ്റ് യൂണിറ്റിന്റെ 'മല്ലനും മാതേവനും', ഉം അൽ ഹസ്സം യൂണിറ്റ് അവതരിപ്പിച്ച  'ചില നേരങ്ങളിൽ ചിലർ' എന്നീ നാടകങ്ങൾക്കാണ്.

മികച്ച നടിക്കുള്ള രണ്ടാം സ്ഥാനം ഉം അൽ ഹസ്സം യൂണിറ്റിന്റെ 'ചില നേരങ്ങളിൽ ചിലർ' എന്ന നാടകത്തിലെ  ദുർഗ്ഗ കാശിനാഥനും മൂന്നാം സ്ഥാനം ഹിദ്ദ് യൂണിറ്റ് അവതരിപ്പിച്ച 'സ്വത്വ'ത്തിലെ നേഹ ദിലീഫും സ്വന്തമാക്കി.

മികച്ച നടനുള്ള  രണ്ടാം സ്ഥാനം സെൻട്രൽ മാർക്കറ്റ് യൂണിറ്റിന്റെ 'മല്ലനും മാതേവനും' എന്ന നാടകത്തിലെ മല്ലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നജീബും മൂന്നാം സ്ഥാനം മനാമ സൂഖ് യൂണിറ്റ് അവതരിപ്പിച്ച 'പരേതന് പറയാനുള്ളത്' എന്ന നാടകത്തിലെ പരേതനെ അവതരിപ്പിച്ച സജീവൻ ചെറുകുന്നും സ്വന്തമാക്കി.

മികച്ച സംവിധായകനുള്ള രണ്ടും മൂന്നും സ്ഥാനങ്ങൾക്ക്  യഥാക്രമം വെസ്റ്റ് റിഫയുടെ 'അനുരാഗത്തിന്റെ ദിനങ്ങൾ' സംവിധാനം ചെയ്‌ത ജയൻ മേലത്തും ഹിദ്ദിൻറെ 'സ്വത്വം' സംവിധാനം ചെയ്‌ത പ്രജിത്ത് നമ്പ്യാരും വിനോദ് വി ദേവനും അർഹരായി.


ബഹറിനിൽ നിന്നും രചിക്കപ്പെട്ട മികച്ച നാടകങ്ങൾക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന്  'സ്വത്വം' നാടകത്തിന്റെ രചയിതാക്കളായ ഫിറോസ് തിരുവത്ര, പ്രജിത്ത് നമ്പ്യാർ എന്നിവർക്കും ടുബ്ലി അവതരിപ്പിച്ച 'അവൾക്കൊപ്പം' എന്ന നാടകത്തിന്റെ രചയിതാവായ ഹരീഷും അർഹരായി.

കേരളത്തിലെ പ്രശസ്ത നാടകപ്രവർത്തകരായ ഉദിനൂർ ബാലഗോപാലൻ, പ്രകാശൻ കരിവെള്ളൂർ, അനിൽ നടക്കാവ്, വിനോദ് ആലന്തട്ട എന്നിവരടങ്ങിയ ജൂറിയായിരുന്നു നാടകങ്ങൾ വിലയിരുത്തിയത്.

ബഹ്‌റൈൻ പ്രതിഭ നൽകുന്ന നാടക അവാർഡിനോടനുബന്ധിച്ചാണ് നാടക മത്സരം സംഘടിപ്പിച്ചത്. പ്രതിഭയുടെ പത്തൊമ്പത് യൂണിറ്റുകൾ നാടകങ്ങൾ അവതരിപ്പിച്ചു. പ്രഥമ പ്രതിഭ നാടക അവാർഡ് നവംബർ ഒന്നിന് പ്രഖ്യാപിക്കും. ഇരുപത്തിയയ്യായിരം രൂപയും പ്രശസ്തി പത്രവും , ഫലകവും അടങ്ങുന്നതാണ് അവാർഡ്.

നാടക മത്സരം വിജയിപ്പിക്കാൻ രംഗത്തിറങ്ങിയ മുഴുവൻ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ ഭാരവാഹികൾ അറിയിച്ചു.

click me!