മനോനില തെറ്റി തെരുവില്‍ അലഞ്ഞ പ്രവാസിക്ക് തുണയായി മലയാളി സാമൂഹിക പ്രവര്‍ത്തകന്‍

By Web TeamFirst Published Nov 1, 2021, 10:14 AM IST
Highlights

ഇന്ത്യക്കാരനെന്ന് തെളിയിക്കുന്ന രേഖയില്ലാത്തതിനാൽ അഭയം നൽകാൻ പരിമിതിയുണ്ടെന്ന് ഇന്ത്യൻ എംബസി

റിയാദ്: ഇന്ത്യാക്കാരനാണെന്ന് തെളിയിക്കുന്ന രേഖകളില്ലാത്തതിനാൽ ഇന്ത്യൻ എംബസി (Indian Embassy) അഭയം നിഷേധിച്ച കൊൽക്കത്ത സ്വദേശിക്ക് മലയാളി ജീവകാരുണ്യ പ്രവർത്തകൻ (Malayali social worker) തുണയായി. മനോനില തെറ്റി റിയാദിലെ തെരുവിൽ അലഞ്ഞ അഷ്റഫ് എന്ന ബംഗാളി യുവാവിനാണ് ഒ.ഐ.സി.സി തൃശൂർ ജില്ലാ ജീവകാരുണ്യ പ്രവർത്തകൻ നേവൽ ഗുരുവായൂർ സംരക്ഷണമൊരുക്കിയത്. 

താടിയും മുടിയും വളർത്തി മാസങ്ങളായി കുളിക്കുകയോ വസ്‍ത്രങ്ങള്‍ അലക്കുകയോ ചെയ്യാതെ നടന്ന ഇയാളെ നേവൽ ഏറ്റെടുത്ത് കുളിപ്പിക്കുകയും മുടിവെട്ടി കൊടുക്കുകയുമായിരുന്നു. മാത്രമല്ല എല്ലാ ദിവസവും ഭക്ഷണം എത്തിക്കുകയും ചെയ്യുന്നു. പേരും നാടും മാത്രമേ യുവാവ് പറയുന്നുള്ളൂ. അതിൽ കൂടുതൽ ഒന്നും വ്യക്തമല്ല. ഇന്ത്യൻ എംബസി, സൗദി അധികൃതർ തുടങ്ങിയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് നേവൽ. 

സൗദി വിസയിൽ വന്ന ആളല്ലെന്നാണ് സൗദി രേഖകൾ പരിശോധിച്ചപ്പോൾ മനസിലാകുന്നത്. അതുകൊണ്ട് തന്നെ ഏത് രാജ്യക്കാരനെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ഇല്ലാത്തതിനാൽ അഭയം നൽകാൻ പരിമിതിയുണ്ടെന്ന് എംബസി അധികൃതർ അറിയിക്കുകയായിരുന്നു. മനോരോഗിയാതിനാൽ സൗദി നാടുകടത്തൽ കേന്ദ്രത്തിലും പാർപ്പിക്കാനാവില്ല എന്ന് അവരും നിലപാടെടുത്തു. അതോടെ റിയാദിലെ തന്നെ ഒരു പാർക്കിൽ പാർപ്പിച്ചിരിക്കുകയാണ് യുവാവിനെ. നേവൽ എല്ലാദിവസവം പോയി കാണുകയും എല്ലാ നേരവും ഭക്ഷണം കൊണ്ടു കൊടുക്കുകയും ചെയ്യും. രേഖകൾ കണ്ടെത്തി കുടുംബത്തിന്റെ അടുത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് നേവൽ ഗുരുവായൂർ.

click me!