യുഎഇയില്‍ 18 കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരനെ കണ്ടെത്താന്‍ സഹായം തേടി അധികൃതര്‍

By Web TeamFirst Published Apr 4, 2019, 4:47 PM IST
Highlights

രവീന്ദ്രയുടെ ഇന്ത്യയിലെയും യുഎഇയിലെയും നമ്പറില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ യുഎഇ നമ്പറില്‍ വിളിച്ചപ്പോള്‍ രവീന്ദ്രയുടെ മകള്‍ ഫോണെടുത്തു. ആളിപ്പോള്‍ മുംബൈയിലാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിക്കാനുമായിരുന്നു മകളുടെ മറുപടി. 

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം (18 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടി ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായയാളെ കണ്ടെത്താന്‍ എല്ലാ വഴികളും തേടുകയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍. അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ രവീന്ദ്ര ബോലൂറിനാണ് ബുധനാഴ്ച ഒന്നാം സമ്മാനം ലഭിച്ചത്.  നറുക്കെടുപ്പ് വേദിയില്‍ വെച്ച് തന്നെ സമ്മാനവിവരം അറിയിക്കാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.

രവീന്ദ്രയുടെ ഇന്ത്യയിലെയും യുഎഇയിലെയും നമ്പറില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ യുഎഇ നമ്പറില്‍ വിളിച്ചപ്പോള്‍ രവീന്ദ്രയുടെ മകള്‍ ഫോണെടുത്തു. ആളിപ്പോള്‍ മുംബൈയിലാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിക്കാനുമായിരുന്നു മകളുടെ മറുപടി. എന്നാല്‍ ഒരു അത്യാവശ്യ കാര്യം പറയാനുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷമാകുമെന്നും പറഞ്ഞെങ്കിലും നാളെ വിളിക്കാനായിരുന്നു മകള്‍ പറഞ്ഞത്. ഇങ്ങനെയൊരാള്‍ വിളിച്ചിരുന്ന കാര്യം താന്‍ അച്ഛനോട് പറയാമെന്നും മകള്‍ പറഞ്ഞു. വിജയിയായ ഭാഗ്യവാനെ വിവരമറിയിക്കാന്‍ കാത്തിരിക്കുകയാണ് അബുദാബി ഡ്യൂട്ടി ഫ്രീ അധികൃതര്‍. ഏപ്രില്‍ 27ന് മാത്രമേ അദ്ദേഹം തിരികെ യുഎഇയില്‍ എത്തൂ എന്നാണ് വിവരം.

ഇതോടെയാണ് അദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കണമെന്ന ആവശ്യവുമായി ബിഗ് ടിക്കറ്റ് അധികൃതര്‍ വീഡിയോ ക്യാമ്പയിന്‍ തുടങ്ങിയത്. 
 

click me!