Expo 2020 : ബില്‍ ഗേറ്റ്‌സ് എക്‌സ്‌പോ 2020 വേദി സന്ദര്‍ശിച്ചു

By Web TeamFirst Published Dec 9, 2021, 10:14 PM IST
Highlights

കാര്‍ഷികവൃത്തിയെ സഹായിക്കുന്ന നോര്‍വേയുടെ പദ്ധതി, ഡെസേര്‍ട്ട് കണ്‍ട്രോള്‍ ഉള്‍പ്പെടെ പല പദ്ധതികളും ബില്‍ ഗേറ്റ്‌സിനെ ആകര്‍ഷിച്ചു. സസ്റ്റൈനബിലിറ്റി പവലിയനും അദ്ദേഹം സന്ദര്‍ശിച്ചു.

ദുബൈ: എകസ്‌പോ 2020 ദുബൈ(Expo 2020 Dubai) വേദി സന്ദര്‍ശിച്ച് മൈക്രോസോഫ്റ്റ് ( Microsoft)സഹസ്ഥാപകനും ലോകത്തിലെ നാലാമത്തെ അതിസമ്പന്നനുമായ ബില്‍ ഗേറ്റ്‌സ്(Bill Gates ). യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ 2020 ദുബൈ ഡയറക്ടര്‍ ജനറലുമായ റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, ബില്‍ ഗേറ്റ്‌സിനെ സ്വീകരിച്ചു.

ഇരുപത് മിനിറ്റോളം അദ്ദേഹം എക്‌സ്‌പോ ലൈവ് പവലിയനിലെ പ്രോജക്ടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. കാര്‍ഷികവൃത്തിയെ സഹായിക്കുന്ന നോര്‍വേയുടെ പദ്ധതി, ഡെസേര്‍ട്ട് കണ്‍ട്രോള്‍ ഉള്‍പ്പെടെ പല പദ്ധതികളും ബില്‍ ഗേറ്റ്‌സിനെ ആകര്‍ഷിച്ചു. സസ്റ്റൈനബിലിറ്റി പവലിയനും അദ്ദേഹം സന്ദര്‍ശിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 2030നുള്ള പ്രതിബദ്ധതകള്‍ നടപ്പിലാക്കുന്നത് വേഗത്തിലാക്കാന്‍ അദ്ദേഹം ലോകത്തോട് അഭ്യര്‍ത്ഥിച്ചു. ഇതിന്റെ സമയപരിധി ഇനി എട്ടു വര്‍ഷങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കൊവിഡ് പോരാട്ടത്തിന്റെ പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ തന്നെ വാക്‌സിനുകളുടെ വിതരണം ഫലപ്രദമായ രീതിയിലാക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്നും ബില്‍ ഗേറ്റ്‌സ് ആവശ്യപ്പെട്ടു. 

ഷാര്‍ജയില്‍ ഇനി ആഴ്ചയില്‍ മൂന്ന് ദിവസം അവധി

ഷാര്‍ജ: ഷാര്‍ജയില്‍(Sharjah) സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി(three day weekend) പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ(Sheikh Dr Sultan bin Muhammad Al Qasimi) നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. വിലയിരുത്തലുകള്‍ക്ക് ശേഷം ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ്(Executive Council ) തീരുമാനം പ്രഖ്യാപിച്ചത്.

ജനുവരി ഒന്നു മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ജോലി സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെയാക്കി. ഷാര്‍ജയില്‍ വെള്ളിയാഴ്ച കൂടി അവധി നല്‍കി പ്രവൃത്തി ദിവസം നാലാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച  രാവിലെ 7.30 മുതൽ 12 മണി വരെയുമായിരിക്കും സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും. പുതിയ സമയക്രമം 2022 ജനുവരി ഒന്നിന് നിലവിൽ വരും. നിലവില്‍ വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്‍ച ഇനി മുതല്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്‍ക്ക് 12 മണി വരെ പ്രവൃത്തി ദിനമായിരിക്കും.

click me!