
റിയാദ്: തൊഴിലിടത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ നാട്ടിലെത്തിച്ചു. റിയാദ് മൽഹമിൽ വെച്ച് അപകടത്തിൽപ്പെട്ട ഉത്തർപ്രദേശ് ദിയോറിയ സ്വദേശി റഹീമുദ്ദീൻ അൻസാരി (61)യുടെ മൃതദേഹമാണ് നിയമതടസ്സങ്ങൾ നീക്കി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ചെയർമാനും റിയാദ് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ വളണ്ടിയറുമായ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ ജന്മനാട്ടിലേക്ക് അയച്ചത്.
അൽഖർജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡിമിക്സ് കമ്പനിയിലെ തൊഴിലാളിയായിരുന്ന റഹീമുദ്ദീൻ അൻസാരിക്ക് കഴിഞ്ഞ ജൂലൈ 23-നാണ് ഫോർക്ക് ലിഫ്റ്റ് ഇടിച്ച് വലതു കാലിന് ഗുരുതരമായി പരിക്കേൽക്കുന്നത്. തുടർന്ന് അദ്ദേഹത്തെ ആദ്യം ഹുറൈമില ജനറൽ ആശുപത്രിയിലും പിന്നീട് റിയാദ് ദർഇയ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം ഓഗസ്റ്റ് 29-ന് മരണപ്പെട്ടു.
എന്നാൽ, മരണാനന്തര നടപടിക്രമങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് കുടുംബത്തിന് നേരിടേണ്ടി വന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനോ സൗദിയിൽ തന്നെ മറവു ചെയ്യുന്നതിനോ ആവശ്യമായ ക്ലിയറൻസ് രേഖകൾ ലഭ്യമാക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലും പോലീസ് സ്റ്റേഷനിലും നിരന്തരം ബന്ധപ്പെട്ടെങ്കിലും സാധിച്ചില്ല. മരണവിവരം പോലീസിനെയോ മറ്റ് ബന്ധപ്പെട്ട വകുപ്പുകളെയോ സമയബന്ധിതമായി അറിയിക്കുന്നതിൽ ഹുറൈമല ജനറൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചതാണ് കാര്യങ്ങൾ സങ്കീർണ്ണമാക്കിയത്. അപകടസമയത്തോ ചികിത്സയിലായിരുന്നപ്പോഴോ കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരു സഹായവും ഉണ്ടായിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി.
മരണം നടന്ന് ഒരു മാസത്തിന് ശേഷമാണ് തുടർനടപടികൾ വേഗത്തിലാക്കാൻ റഫീഖ് മഞ്ചേരിക്ക് റിയാദ് ഇന്ത്യൻ എംബസി അനുമതി നൽകുന്നത്. തുടർന്ന് അദ്ദേഹം അൽഖർജിലുള്ള കമ്പനിയിലെത്തി മാനേജ്മെന്റുമായി സംസാരിച്ച് ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്പോർട്ട് അടക്കമുള്ള രേഖകളും കൈപ്പറ്റി. എന്നാൽ പോലീസിൽ നിന്നുള്ള ക്ലിയറൻസ് പേപ്പറിനായുള്ള ശ്രമങ്ങൾ വലിയ ഉദ്യോഗസ്ഥ ചുവപ്പുനാടയിൽ കുടുങ്ങി. മരണം നടന്ന ദർഇയ പോലീസിനെ സമീപിച്ചപ്പോൾ കേസ് തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും, അപകടം നടന്ന മൽഹം അല്ലെങ്കിൽ ഹുറൈമില പോലീസിന്റെ പരിധിയിലാണ് വരുന്നതെന്നും അറിയിച്ചു. മൽഹം പോലീസ് സ്റ്റേഷനിൽ അപകടം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന കാരണത്താൽ ക്ലിയറൻസ് നിരസിച്ചു. തുടർന്ന് ഹുറൈമല പോലീസിനെ സമീപിച്ചപ്പോൾ വാഹനാപകടമായതിനാൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിനെ സമീപിക്കാൻ നിർദ്ദേശിച്ചു. ഹുറൈമല ട്രാഫിക് ഡിപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാകട്ടെ, അപകടം നടന്ന് കമ്പനിക്കുള്ളിലായതിനാൽ റോഡപകടമായി റിപ്പോർട്ട് ചെയ്യാനാകില്ലെന്നും പോലീസാണ് ക്ലിയറൻസ് നൽകേണ്ടതെന്നും പറഞ്ഞ് അവരും കൈയൊഴിഞ്ഞു.
പിന്നീട് ഹുറൈമില ജനറൽ ഹോസ്പിറ്റലിലെ ഉന്നത ഉദ്യോഗസ്ഥരെ നേരിൽ കണ്ടപ്പോൾ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അവർ സമ്മതിക്കുകയും പോലീസുമായി ബന്ധപ്പെട്ട് ക്ലിയറൻസ് നൽകാൻ അഭ്യർത്ഥിക്കുകയും ചെയ്തെങ്കിലും നടപടികൾ നീണ്ടുപോയി. പ്രതിസന്ധി രൂക്ഷമായതോടെ റഫീഖ് മഞ്ചേരി ഹുറൈമല ഗവർണറേറ്റിലെത്തി ഗവർണറെ നേരിട്ട് കണ്ട് കുടുംബത്തിന്റെ നിസ്സഹായാവസ്ഥയും ഉദ്യോഗസ്ഥ വീഴ്ചകളും ബോധ്യപ്പെടുത്തി. ഗവർണറുടെ നിർദ്ദേശപ്രകാരം രേഖാമൂലം പരാതി നൽകിയതോടെ, അദ്ദേഹം അടിയന്തിരമായി പോലീസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടുകയും മൃതദേഹം വിട്ടുകിട്ടാനുള്ള രേഖകൾ നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഉത്തരവ് നൽകുകയും ചെയ്തു.
തുടർന്ന് ദറഇയ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റിയാദ് ശുമേസി ഹോസ്പിറ്റലിലേക്ക് മാറ്റി. കാലിലേറ്റ പരിക്കിനെത്തുടർന്നുണ്ടായ സങ്കീർണതകളും കാർഡിയാക് അറസ്റ്റുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ സ്ഥിരീകരിക്കുകയും മരണത്തിൽ ദുരൂഹതയില്ലെന്ന് ഉറപ്പുവരുത്തി ക്ലിയറൻസ് രേഖകൾ നൽകുകയും ചെയ്തു. രേഖകൾ ശരിയായെങ്കിലും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക ചെലവുകൾ വഹിക്കാൻ കമ്പനി ആദ്യഘട്ടത്തിൽ വിമുഖത കാണിച്ചത് വീണ്ടും തടസ്സമായി. തുടർന്ന് റഫീഖ് വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് എംബസി മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ കമ്പനി ചെലവുകൾ പൂർണ്ണമായും ഏറ്റെടുക്കാൻ തയ്യാറായി.
അധികൃതരുടെ ഓഫീസുകൾ കയറിയിറങ്ങി നടത്തിയ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലുകൾക്കൊടുവിൽ, റഹീമുദ്ദീൻ അൻസാരിയുടെ മൃതദേഹം ദമാം വഴി ലക്നൗവിലേക്കുള്ള ഫ്ലൈനാസ് വിമാനത്തിൽ നാട്ടിലേക്ക് അയച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് റിയാദ് കെഎംസിസി വെൽഫെയർ വിങ് വളണ്ടിയർമാരായ ജാഫർ വീമ്പൂർ, നസീർ കണ്ണീരി (റിയാദ്), ഇസ്ഹാഖ് താനൂർ (മൽഹം), ബീരാൻ തൂവ്വൂർ, അബ്ദുൽ മജീദ് വള്ളിക്കാപറ്റ (ഹുറൈമില) എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam