
ജിസാൻ: മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ സൗദി അറേബ്യയിലെ ജിസാനിൽ അന്തരിച്ച തിരുവനന്തപുരം വെള്ളറട സ്വദേശി നിഖിൽ മണിയെൻറ (35) മൃതദേഹം നാട്ടിലേക്ക് അയച്ചു. തിരുവനന്തപുരം വെള്ളറട വട്ടച്ചിറ കാർത്തിക ഭവനിൽ പരേതനായ മണിയൻ നാരായണെൻറയും അംബിക ഗോവിന്ദെൻറയും മകനാണ് നിഖിൽ.
ബുധനാഴ്ച വൈകുന്നേരം ജിസാൻ വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ റിയാദ് വഴി അയച്ച മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം കൊച്ചി വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങും. അവിടെനിന്ന് നോർക്കയുടെ സൗജന്യ ആംബുലൻസ് സർവീസ് മുഖേന വീട്ടിലെത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ വെള്ളറടയിലുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും. കഴിഞ്ഞ ജനുവരി 29-നാണ് ജിസാൻ അബുഅരീഷിലെ റൊസ്‌കാവ കോഫി റെസ്റ്റോറൻറിൽ ജോലി ചെയ്തിരുന്ന നിഖിലിനെ താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അബുഅരീഷ് കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം വർധിച്ച് തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് തലയോട്ടി തുറന്നുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
തുടർന്ന് അബോധാവസ്ഥയിൽ സാംത ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 20-നാണ് മരിച്ചത്. കഴിഞ്ഞയാഴ്ച മൃതദേഹം സാംത ആശുപത്രിയിൽ നിന്ന് എംബാം ചെയ്യുന്നതിനായി അബുഅരീഷ് കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഹോട്ടൽ മാനേജ്‌മെൻറ് ബിരുദധാരിയായ നിഖിൽ ആറുമാസം മുമ്പാണ് പുതിയ വിസയിൽ ജിസാനിലെത്തിയത്. ഇതിനുമുമ്പ് എട്ടു വർഷത്തോളം കുവൈത്തിലും ജോലി ചെയ്തിരുന്നു. നിഖിലിെൻറ വേർപാട് കുടുംബത്തിന് വലിയ ആഘാതമായി. ഭാര്യ ലക്ഷ്മി കഴിഞ്ഞയാഴ്ചയാണ് രണ്ടാമത്തെ പെൺകുഞ്ഞിന് ജന്മം നൽകിയത്. രണ്ടര വയസ്സുകാരി നിഹാരികയും ഒരാഴ്ച മാത്രം പ്രായമുള്ള നിവേദികയുമാണ് മക്കൾ. ഏക സഹോദരി നീതു വിവാഹിതയാണ്.
നിഖിൽ ചികിത്സയിലായിരുന്നപ്പോൾ ‘ജല’ സാംത യൂനിറ്റ് പ്രവർത്തകരും ആശുപത്രിയിലെ മലയാളി നഴ്സുമാരായ സോണി, ആൻസി, ജെയ്‌മോൾ, സംഗീത, സബീന, ജിൻസി എന്നിവരും വലിയ പിന്തുണ നൽകിയിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക വിഭാഗം വൈസ് കോൺസൽ ഡി.ബി.ആർ. ബച്ചൻ, ഉദ്യോഗസ്ഥർ എന്നിവർ ചികിത്സാഘട്ടം മുതൽ മൃതദേഹം നാട്ടിലയക്കുന്നത് വരെ നിരന്തരം ഇടപെടലുകൾ നടത്തി. കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിെൻറ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. ‘ജല’ ഭാരവാഹികളായ ജോജോ തോമസ്, അൽഅമീൻ, സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, മോയിൻ, ശ്യാം, റിബു, സന്തോഷ്, സുരേഷ്, സുന്ദരൻ, ഹരിദാസ് എന്നിവർ മൃതദേഹം നാട്ടിലയക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam