
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന സ്ഥാപനങ്ങളെ ലക്ഷ്യമിട്ട ഭീകരാക്രമണ പദ്ധതി സുരക്ഷാ ഏജൻസികൾ പരാജയപ്പെടുത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രഹസ്യാന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഹിസ്ബുല്ലയുമായി ബന്ധമുള്ള ഭീകരസംഘത്തിലെ 10 കുവൈത്തി പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവർ വിദേശ സംഘങ്ങളുമായി ചേർന്ന് ലക്ഷ്യമിട്ട കേന്ദ്രങ്ങളുടെ വിവരങ്ങളും ലൊക്കേഷൻ കോർഡിനേറ്റുകളും കൈമാറാൻ ശ്രമിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണത്തിൽ പ്രതികൾ ഹിസ്ബുല്ലയുമായി ബന്ധമുള്ള ക്യാമ്പുകളിൽ പരിശീലനം നേടിയതും, ആയുധങ്ങൾ ഉപയോഗിക്കൽ, ഡ്രോൺ നിയന്ത്രണം എന്നിവയിൽ പരിശീലനം നേടിയതുമായ വിവരങ്ങളാണ് പുറത്തുവന്നത്.രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, ഇത്തരം ഭീകര പദ്ധതികളിൽ പങ്കാളികളായ എല്ലാവരെയും കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം കഴിഞ്ഞ ദിവസം ഹിസ്ബുള്ളയുടെ മറ്റൊരു തീവ്രവാദ സെല്ലിനെ ആഭ്യന്തര മന്ത്രാലയം തകർത്തിരുന്നു. തീവ്രമായ നിരീക്ഷണങ്ങൾക്കൊടുവിൽ സുരക്ഷാ ഏജൻസികൾ നടത്തിയ നീക്കത്തിലാണ് സംഘം വലയിലായത്. 14 കുവൈത്ത് പൗരന്മാരും രണ്ട് ലെബനൻ സ്വദേശികളും ഉൾപ്പെടുന്നതാണ് ഈ സംഘമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തെ തകർക്കാനും സുരക്ഷ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടുള്ള അട്ടിമറി പ്രവർത്തനങ്ങൾക്കായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ നടത്തിയ റെയ്ഡിൽ അത്യാധുനിക ആയുധങ്ങളും മറ്റ് ഉപകരണങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു. തോക്കുകൾ, വെടിയുണ്ടകൾ, കൊലപാതകങ്ങൾക്ക് ഉപയോഗിക്കുന്ന പ്രത്യേക ആയുധങ്ങൾ, എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ ഉപകരണങ്ങൾ, മോഴ്സ് കോഡ് ഉപകരണങ്ങൾ, ഡ്രോണുകൾ, മാപ്പുകൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam